തിരുവനന്തപുരം : സംസ്‌ഥാനത്ത് പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരത്തെ പിന്തുണച്ചും, പിൻവാതിൽ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തി വന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. എൽജിഎസ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ എടുത്തതോടെ എൽജിഎസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നിരാഹാരസമരം അവസാനിപ്പിക്കുന്നത്.
കൂടാതെ നിലവിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തുമെന്നും, അവർക്കൊപ്പം സമ്മർദ്ദ ശക്‌തിയായി യൂത്ത് കോൺഗ്രസ് നിൽക്കുമെന്നും നിരാഹാര സമരം അനുഷ്‌ഠിച്ച ഷാഫി പറമ്പിൽ എംഎൽഎ വ്യക്‌തമാക്കി. കൂടാതെ ഉദ്യോഗാർഥികൾക്ക് അനുകൂലമായി ഇപ്പോൾ സർക്കാർ എടുത്ത തീരുമാനം രാഷ്‌ട്രീയ തിരിച്ചടിയെ ഭയന്നാണെന്നും, ഇത് നേരത്തെ തന്നെ സർക്കാരിന് എടുക്കാമായിരുന്നു എന്നും ഷാഫി പറമ്പിൽ ആരോപണം ഉന്നയിച്ചു.
ഉദ്യോഗാർഥികളുടെ സമരം ഇത്രത്തോളം നീണ്ടുപോകാൻ പ്രധാന കാരണം മുഖ്യമന്ത്രിയുടെ പിടിവാശി ആണെന്നും, അതിനാൽ തന്നെ മുഖ്യമന്ത്രി ഉദ്യോഗാർഥികളോടെ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് സമരം ചെയ്‌തിരുന്ന ഉദ്യോഗാർഥികളുമായി മന്ത്രി എകെ ബാലൻ നടത്തിയ ചർച്ചയിൽ എൽജിഎസ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതോടെയാണ് എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്. എന്നാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സിപിഒ ഉദ്യോഗാർഥികൾ.
Read also : പിഎസ്‌സി സമരം; സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ തട്ടിപ്പെന്ന് ചെന്നിത്തല