പിഎസ്‌സി തട്ടിപ്പ് കേസ്; പോലീസ് ഉദ്യോഗസ്‌ഥനെ വിചാരണ ചെയ്യാൻ ക്രൈം ബ്രാഞ്ച്

By News Desk, Malabar News
PSC exams postponed

തിരുവനന്തപുരം: പിഎസ്‌സി തട്ടിപ്പുകേസിലെ പ്രതിയായ സിവിൽ ഓഫിസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്‌എഫ്‌ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽ വഴി അയച്ചത് ഗോകുലായിരുന്നു. സംസ്‌ഥാനത്ത് വൻ വിവാദമായ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ രണ്ടര വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ചിന്റെ നടപടി.

പിഎസ്‌സി പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവമായിരുന്നു കോൺസ്‌റ്റബിൾ പരീക്ഷയിലെ ഹൈടെക്ക് തട്ടിപ്പ്. യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ എസ്‌എഫ്‌ഐ നേതാക്കളാണ് സ്‌മാർട് വാച്ചും മൊബൈൽ ഫോണും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. ശിവരഞ്‌ജിത്ത്‌, നസീം, പ്രണവ് എന്നിവരാണ് തട്ടിപ്പിലൂടെ കോൺസ്‌റ്റബിൾ റാങ്ക് പട്ടികയിൽ ഇടം നേടിയത്.

ചോദ്യ പേപ്പർ ഫോട്ടോയെടുത്ത് സുഹൃത്തായ ഗോകുലിന് അയച്ചുകൊടുത്തു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് ഉത്തരങ്ങൾ പ്രതികളുടെ സ്‌മാർട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. പരീക്ഷ എഴുതിയവർ ഉയർന്ന മാർക്ക് വാങ്ങി റാങ്ക് പട്ടികയിൽ ഇടം ഇടിച്ചു. ഇവർ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് പിഎസ്‌സി തട്ടിപ്പും പുറത്തായത്.

2018 ഓഗസ്‌റ്റിൽ ആയിരുന്നു പരീക്ഷ. എസ്‌എപി ക്യാംപിലെ പോലീസുകാരനായ ഗോകുൽ അന്നേദിവസം ജോലിക്ക് ഹാജരായിരുന്നില്ല. എന്നാൽ, ഗോകുൽ ജോലിക്ക് ഹാജരായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഹൃത്തുക്കൾ രജിസ്‌റ്ററിൽ രേഖപ്പെടുത്തി. വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുൽ ഉൾപ്പടെ നാല് പോലീസുകാർക്കെതിരെ മറ്റൊരു കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

അതേസമയം, സാധാരണ നടത്തുന്ന ഒരു ക്രമീകരണമാണ് നടത്തിയതെന്നും ബോധപൂർവം ഈ കുറ്റകൃത്യത്തിൽ മറ്റ് പോലീസുകാർ പങ്കാളികളല്ലെന്നും ചൂണ്ടിക്കാട്ടി പോലീസ് സംഘടന ഡിജിപിയെ സമീപിച്ചു. ഇത് പരിഗണിച്ച് ഇവരെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

നേരത്തെ റിമാൻഡിലായ ഗോകുൽ ഇപ്പോൾ സസ്‌പെൻഷനിലാണ്. പരീക്ഷ ഹാളിൽ മേൽനോട്ട വീഴ്‌ച വരുത്തിയതിന് മൂന്ന് സർക്കാർ ഉദ്യോഗസ്‌ഥരെയും കേസിൽ പ്രതി ചേർത്തിരുന്നു. ശിവരഞ്‌ജിത്തും നസീമും അടക്കമുള്ള പ്രതികൾ ജാമ്യത്തിലാണ്.

Most Read: ബാങ്കുകളിൽ വായ്‌പ നിഷേധിക്കുന്നു; പരാതിയുമായി കെ റെയിൽ സമരക്കാർ വീണ്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE