എറണാകുളം: അങ്കമാലിയിൽ കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ല് സ്‌ഥാപിച്ച പ്രദേശങ്ങളിലെ താമസക്കാർക്ക് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി പരാതി. വില്ലേജ് ഓഫിസറുടെ അനുമതി പത്രമുണ്ടെങ്കിൽ മാത്രമേ ലോൺ നൽകൂ എന്ന് ബാങ്കുകൾ നിലപാടെടുത്തതോടെ നൂറുകണക്കിന് ആളുകൾ വലയുകയാണ്. അനുമതി പത്രം നൽകാൻ സർക്കാർ നിർദ്ദേശമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
പുളിയനം സ്വദേശിയായ പൗലോസ് പഴയ വീട് പുതുക്കി പണിയാനുള്ള നടപടികൾ ആരംഭിച്ചത് സിൽവർ ലൈൻ സർവേ ആരംഭിക്കുന്നതിന് മുൻപാണ്. ലോൺ നൽകുമെന്ന ബാങ്കിന്റെ ഉറപ്പുകേട്ടാണ് പൗലോസ് വീട് പൊളിച്ചത്. എന്നാൽ, സിൽവർ ലൈൻ കല്ലിട്ടതോടെ ബാങ്കുകാരുടെ മട്ടുമാറി. ഭൂമി ഈടായി നൽകാൻ എതിർപ്പില്ലെന്ന സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്ന് വേണമെന്നാണ് ബാങ്കുകളുടെ ആവശ്യം. ഇത് നൽകാൻ റവന്യൂ വകുപ്പ് തയ്യാറാകുന്നുമില്ല.
സിൽവർ ലൈനായി കല്ലിട്ട മിക്കയിടങ്ങളിലെയും ആളുകൾ ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. വിഷയത്തിൽ സർക്കാർ കൃത്യത വരുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഒന്നുകിൽ പദ്ധതി പ്രദേശത്തെ ആളുകൾക്ക് ലോൺ നൽകുന്നതിന് തടസമില്ലെന്ന് സർക്കാർ ഉത്തരവിറക്കണം. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാൻ വില്ലേജ് ഓഫിസർമാർക്ക് നിർദ്ദേശം നൽകണം. തീരുമാനം അനുകൂലമല്ലെങ്കിൽ റവന്യൂ ഓഫിസുകൾക്ക് മുന്നിലേക്ക് സമരം നീട്ടുമെന്നാണ് സമിതി അറിയിച്ചിരിക്കുന്നത്.
Most Read: കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും