മലപ്പുറം: പയ്യനങ്ങാടി തങ്ങൾസ് റോഡ് മാവുംകുന്ന് റോഡരികിലെ ക്വാർട്ടേഴ്സ് മുറിയിൽ നിന്നും കാറിൽ നിന്നുമായി 51.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൽപകഞ്ചേരി കുറുകത്താണി കല്ലൻ ഇബ്രാഹിം (30) ആണ് പിടിയിലായത്. രാജ്യാന്തര മാർക്കറ്റിൽ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡും, തിരൂർ റേഞ്ച് എക്സൈസ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ മുറിയിലും മുന്നിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വിറ്റുകിട്ടിയ 75,000 രൂപയും കണ്ടെടുത്തു.
സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്. പിടിയിലായ ഇബ്രാഹിമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിന് തിരൂർ റേഞ്ച് ഇൻസ്പെക്ടർ ഒ സജിതയെ ചുമതലപ്പെടുത്തി.
ഇബ്രാഹിം വിൽപനക്കായി നൽകിയ കഞ്ചാവുമായി പരപ്പനങ്ങാടി റേഞ്ച് പരിധിയിൽ റിസ്വാൻ എന്നയാളെയും എക്സൈസ് ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇബ്രാഹിമിന് ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ചു നൽകിയ മലപ്പുറം സ്വദേശി ഫൈസൽ എന്നയാൾക്കു വേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ തമിഴ്നാട്ടിൽ ആണെന്നാണ് വിവരം.
സർക്കിൾ ഇൻസ്പെക്ടർ ടി അനിൽകുമാർ, സിഐ ജി കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ ഒ സജിത, ടിആർ മുകേഷ്, എസ് മധുസൂദനൻ നായർ, എഎസ്ഐ പിഎം ഫസലു റഹ്മാൻ, പ്രിവന്റീവ് ഓഫീസർ കെഎം ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, കെ മുഹമ്മദലി, പി പ്രഭാകരൻ, ആർ രാജേഷ്, എസ് ഷംനാദ്, അബിൻ വി ലാൽ, ടിഎ യൂസഫ്, കെവി റിബീഷ്, കെ സ്മിത, എം ശ്രീജ, എംഎം ദിദിൻ, ഡ്രൈവർ കെ രാജീവ് എന്നിവരാണ് പരിശോധന നടത്തിയത്.
Malabar News: പാണ്ടിക്കാട് പോക്സോ കേസ്; കൂടുതല് ശാസ്ത്രീയ അന്വേഷണത്തിന് പോലീസ്






































