റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം. ദക്ഷിണ നഗരമായ ജിസാനിലെ കിങ് അബ്‌ദുള്ള വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി സൗദിയുടെ സഖ്യസേനാ വക്‌താവിനെ ഉദ്ധരിച്ച് സ്‌റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു.
പരിക്കേറ്റവരിൽ ആറ് സൗദികളും മൂന്ന് ബംഗ്‌ളാദേശ് പൗരൻമാരും ഒരു സുഡാനിയുമാണുള്ളത്. വിമാനത്താവളത്തിന്റെ മുൻവശത്തെ ചില്ലുകളും തകർന്നിട്ടുണ്ടെന്ന് സഖ്യസേനാ വക്‌താവ് പറഞ്ഞു. ഹൂതികളാണ് ഇതിന് പിന്നിലെന്നാണ് സംശയം.
ഇതിന് മുൻപും സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. ഓഗസ്‌റ്റിൽ ആയിരുന്നു സംഭവം. രണ്ടുതവണയാണ് വിമാനത്താവളത്തിൽ ആക്രമണം ഉണ്ടായത്. ഫെബ്രുവരിയിൽ, അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചിരുന്നു.
Also Read: ‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ







































