കൊച്ചി: ബ്രഹ്മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് നടപ്പിലാക്കാൻ ഹൈക്കോടതി രണ്ടുമാസത്തേക്ക് സാവകാശം നൽകി. കോർപറേഷൻ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാൻ രണ്ടു മാസത്തെ കാലാവധി നീട്ടി നൽകിയത്.
അതേസമയം, മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതി നിരീക്ഷണം തുടരും. തീപിടിത്തത്തിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ വീഴ്ചകൾ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ, കൊച്ചി കോർപറേഷന് 100 കോടി പിഴ ചുമത്തിയത്. ഇതിനെതിരെ കൊച്ചി കോർപറേഷൻ നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
അതേസമയം, മാലിന്യം ശേഖരിക്കാൻ വൈകുന്നതോടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമായെന്ന് കോടതി നിരീക്ഷിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ നടപടി എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. മാലിന്യ സംസ്കരണത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ കൊച്ചിയിലെ റോഡുകൾ മാലിന്യ കൂമ്പാരമായി മാറിയെന്നും കോടതി അറിയിച്ചു.
എന്നാൽ, 210-230 ടൺ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു. റോഡരികിൽ ആളുകൾ മാലിന്യങ്ങൾ തള്ളുന്നതാണ് പ്രതിസന്ധിയെന്നും കൂടിക്കലർന്ന നിലയിലാണ് ഈ മാലിന്യങ്ങൾ എന്നും കോർപറേഷൻ കോടതിയിൽ അറിയിച്ചു. മെയ് 23ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Most Read: ‘വിവ കേരളം’; രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി








































