ലക്നൗ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാർഥനഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് ഇവർ പുഴയിൽ എറിഞ്ഞതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ബാൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. രണ്ടുപേർ ചേർന്ന് യുപിയിലെ കോട്ടവാലി മേഖലയിൽ നിന്ന് മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിലൊരാൾ പിപിഇ കിറ്റ് ധരിച്ചിരുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മെയ് 25നാണ് കോവിഡ് രോഗബാധയെ തുടർന്ന് പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെ മെയ് 28നാണ് ഇയാൾ മരിച്ചത്. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുന്നതിനായി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എന്നാൽ സംസ്കരിക്കാതെ മൃതദേഹം നദിയിൽ ഒഴുക്കുകയാണ് ഇവർ ചെയ്തതെന്ന് ബാൽറാംപൂർ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Read also: കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു; മാനനഷ്ടക്കേസ് പിൻവലിച്ച് ശശി തരൂര്‍







































