തിരുവനന്തപുരം: 29ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് (ഐഎഫ്എഫ്‌കെ) തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉൽഘാടനം നിർവഹിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച രാഷ്‌ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ മാറുന്നുവെന്നത് ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി ഉൽഘാടന വേളയിൽ പറഞ്ഞു.
കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് അനുസരിച്ച് സിനിമകൾ തയ്യാറാക്കേണ്ടി വരുന്നുവെന്ന വിഷയം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സിനിമാരംഗത്തേക്ക് കടന്നുവരുന്ന സ്‌ത്രീകൾക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
”മേളയിലെ ചർച്ചകളും സംവാദങ്ങളും പുരോഗമന സ്വഭാവമുള്ളതാണ്. സമൂഹത്തിന്റെ നേർപ്രതിഫലനമാണ് പലപ്പോഴും സിനിമയിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ചലച്ചിത്ര മേളയിൽ പലസ്‌തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ആ രാജ്യത്തെ അവസ്‌ഥ ഇപ്പോൾ കൂടുതൽ മോശമാണ്. ആഭ്യന്തര യുദ്ധവും കുടിയിറക്കലും പ്രമേയമായ അർമേനിയൻ സിനിമയാണ് ഇക്കുറി പ്രദർശിപ്പിക്കുന്നത്. അടിച്ചമർത്തപ്പെടുന്നവരുടെ ഒപ്പം നിന്ന് അവരുടെ ജീവിതാവസ്‌ഥകൾ ലോകത്തിന് മുന്നിൽ എത്തിക്കാനാണ് ചലച്ചിത്ര മേളയിലൂടെ ശ്രമിക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബർ 20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. 13,000 ഡെലിഗേറ്റുകളും നൂറോളം ചലച്ചിത്ര പ്രവർത്തകരും മേളയിലെത്തും. ചടങ്ങിൽ വെച്ച് ഹോങ്കോങ്ങിൽ നിന്നുള്ള പ്രശസ്‌ത സംവിധായിക ആൻ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. പത്ത് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ആണ് പുരസ്‌കാരം. മുഖ്യാതിഥിയായിരുന്ന ശബാന ആസ്‌മിയെയും മുഖ്യമന്ത്രി ആദരിച്ചു.
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജിആർ അനിൽ, വികെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ ദിവ്യ എസ് അയ്യർ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, നടൻ മധുപാൽ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തത്തിന് ധനസഹായം നൽകാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ചും പ്രതിഷേധം അറിയിച്ചുമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പ്രസംഗിച്ചത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’