കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്‌സിന്‍ ഇതുവരെ സൗദി ഉൾപ്പടെയുള്ള പല ലോകരാജ്യങ്ങളും അനുമതിയായിട്ടില്ല. പരിപൂർണമായും ഇന്ത്യനായ കോവാക്‌സിന്‍ ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതാണ് പ്രധാനതടസം. അന്തർദേശീയ അംഗീകാരമുള്ള ഗവേഷണ സ്‌ഥാപനങ്ങളുടെ സമ്പൂർണ പിന്തുണയും കോവാക്‌സിന്‍ ലഭ്യമായിട്ടില്ല.
സൗദിയിൽ ജോലിചെയ്യുന്ന ഗിരികുമാര്‍ കോവാക്‌സിൻ രണ്ടുഡോസും സ്വീകരിച്ചിരുന്നു. ശേഷം, തന്റെ ജോലിസ്‌ഥലമായ സൗദിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല. അത്കൊണ്ട് തനിക്ക് അന്തർദേശീയ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്‌സിൻ സ്വീകരിക്കാൻ അനുമതിവേണം എന്നാവശ്യപ്പെട്ടുമാണ് ഗിരികുമാര്‍ കോടതിയിലെത്തിയത്.
എന്നാൽ, രണ്ട് കോവാക്‌സിന്‍ ഡോസുകള്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് വാക്‌സിനെടുക്കാന്‍ സാധിക്കുമോ എന്ന വിഷയത്തിൽ ഇതുവരെ ശാസ്‌ത്രം കൃത്യമായ ഉത്തരം നൽകിയിട്ടില്ല എന്നും ഒരു വാക്‌സിന്റെ പൂർണാഡോസ് ഓടുന്ന ശരീരത്തിൽ മറ്റൊരു കമ്പനിയുടെ ‘മറ്റൊരു പ്രവർത്തനസ്വഭാവുമുള്ള’ വാക്‌സിൻ ഏത് നിലയിലുള്ള പ്രത്യാഘാതമാണ് സൃഷ്‌ടിക്കുക എന്നത് ഇപ്പോൾ പറയൽ അസാധ്യവുമാണ് എന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് കോടതിയിൽ നൽകിയ വിശദീകരണം. ഹരജി വിശദമായി പരിഗണിക്കാന്‍ ഈ മാസം 28ലേക്ക് മാറ്റി.