ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ഗുപ്‌തക്ക് നേരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്.
നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തുന്ന സ്‌ഥലത്തേക്കാണ് ആദേശ് ഗുപ്‌ത എത്തിയത്. ഗുപ്‌തയോട് തിരിച്ചു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്ത് വരികയായിരുന്നു.
അതിനിടെ, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം പെൺകുട്ടിയുടെ കുടുംബത്തെ കണ്ടത്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടുംവരെ കൂടെ നിൽക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.
അതേസമയം, കുട്ടിയുടെ മരണകാരണം എന്താണെന്ന് ഡോക്‌ടർമാർക്ക് കണ്ടെത്താനായിട്ടില്ലെന്ന് ഡിസിപി ഇൻജിത് പ്രതാപ് സിങ് പറഞ്ഞു. എന്നാൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ പ്രതികളെ ആ ദിവസം തന്നെ അറസ്‌റ്റ് ചെയ്‌ത് വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയെന്നും അദ്ദേഹം അറിയിച്ചു. കുറ്റപത്രം 60 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയെന്നാണ് നിയമം. ഈ കേസിൽ അത് അടിയന്തരമായി നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സംസ്‌ഥാനത്തെ പിജി ഡോക്‌ടർമാർ അനിശ്‌ചിതകാല പണിമുടക്കിലേക്ക്






































