ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന കണക്കുകള്‍ 90000 ന് മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92071 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. 4846427 ആളുകള്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. ഇവരില്‍ 986598 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം ഉടന്‍ തന്നെ 10 ലക്ഷം കടക്കും. രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഉള്ള വര്‍ധനവ് ആശ്വാസം പകരുന്നതാണ്. ഇതുവരെ രാജ്യത്ത് ആകെ 3780701 ആളുകള്‍ കോവിഡ് രോഗ മുക്തരായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 80000 നോട് അടുക്കുന്നു. ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ച ആളുകളുടെ എണ്ണം 79722 ആണ്. ഇതില്‍ ഇന്നലെ മാത്രം രാജ്യത്ത് 1136 ആളുകളാണ് കോവിഡ് മൂലം മരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 22543 ആണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി തന്നെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20000 നു മുകളില്‍ തുടരുകയാണ്. ഒപ്പം ആന്ധ്രാപ്രദേശില്‍ 9536 ആളുകള്‍ക്കും കര്‍ണാടകയില്‍ 9894 ആളുകള്‍ക്കും ഉത്തര്‍പ്രദേശില്‍ 6239 ആളുകള്‍ക്കും തമിഴ്നാട്ടില്‍ 5693 ആളുകള്‍ക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഡെല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനയും തുടരുകയാണ്. 4000 നു മുകളില്‍ തന്നെയാണ് ദിവസങ്ങളായി ഡെല്‍ഹിയില്‍ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 4235 ആളുകള്‍ക്കാണ് ഇന്നലെ മാത്രം തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.







































