ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ഉൾപ്പടെ ഉള്ളവക്ക് നികുതി ഒഴിവാക്കാൻ ആവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് വാക്‌സിനും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്‌ടി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് മന്ത്രി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്‌റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.
വാക്‌സിന് അഞ്ച് ശതമാനം നികുതിയും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനം വീതം നികുതിയുമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നികുതി ഒഴിവാക്കുന്നത് വാക്‌സിന്‍ വില കൂട്ടാന്‍ കാരണമാകുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കില്ലെന്നും മന്ത്രി പറയുന്നു.
വാക്‌സിന്‍ ജിഎസ്‌ടി വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സംസ്‌ഥാനങ്ങള്‍ക്ക് ആണെന്നും ചികിൽസക്ക് വേണ്ട 23 ഉൽപന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഒഴിവാക്കിയതായും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.
Read Also: കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച; യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ കത്ത്