കോഴിക്കോട്: ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സുബൈദക്കും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദക്ക് ലഭിച്ചു. നിറഞ്ഞ സന്തോഷമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുബൈദ പ്രതികരിച്ചു.
ഇന്നലെ രാവിലെ 11 മണിക്കാണ് ക്ഷണക്കത്ത് സുബൈദക്ക് കിട്ടിയത്. കോവിഡ് ആയതിനാല്‍ പോകേണ്ട എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ക്ഷണം കിട്ടിയ സ്ഥിതിക്ക് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുബൈദ പറയുന്നു. കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ആടിനെ വിറ്റുകിട്ടിയ പണം സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
വാക്സിന് ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനനേയും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആദ്യം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ജനാര്ദ്ദനന് പിന്നീട് തീരുമാനം മാറ്റി. പോകാതിരുന്നാല്‍ മുഖ്യന്ത്രി ചെറുതായി പോകുമെന്ന തോന്നലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് ജനാര്ദ്ദനന് പറഞ്ഞു.
Also Read: കോവിഡ് രോഗിയുടെ വാഹനം പിടിച്ചെടുത്തു, രോഗിയെ ഇറക്കിവിട്ടു; പോലീസിനെതിരെ പരാതി







































