നവകേരള സദസിന് ഇന്ന് കാസർഗോഡ് തുടക്കം; പ്രതിപക്ഷം ബഹിഷ്‌കരിക്കും

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കാണ് ജനസദസിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുക.

By Trainee Reporter, Malabar News
Navakerala Sadas
Ajwa Travels

കാസർഗോഡ്: എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിനു ഇന്ന് കാസർഗോഡ് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്കാണ് ജനസദസിന്റെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുക. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ രണ്ടു മണിക്കാണ് ബസ് ബെംഗളൂരുവിൽ നിന്ന് കാസർഗോഡ് എത്തിയത്. പൈവളിഗ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ 30 മീറ്റർ ഉയരത്തിൽ ജർമൻ പന്തലാണ് ഒരുക്കിയത്. കാസർകോഡിന്റെ തനത് കലാരൂപങ്ങൾ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

നവകേരള സദസ് ആരംഭിക്കുന്നതിനു മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നത് വരെ അതാത് കൗണ്ടറുകൾ പ്രവർത്തിക്കും. അതേസമയം, പ്രതിപക്ഷം നവകേരള സദസ് ബഹിഷ്‌കരിക്കുകയാണ്. അഞ്ചുപൈസ കൈയിലില്ലാത്ത സമയത്ത് കോടികൾ മുടക്കി നവകേരള സദസ് സംഘടിപ്പിക്കുന്നത് എന്തിനാണെന്നും, ഇത് സർക്കാരിന്റെ ധൂർത്ത് ആണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

നവകേരള സദസ് തിരഞ്ഞെടുപ്പ് സ്‌റ്റണ്ടെന്ന് വിമർശിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഏഴ് കൊല്ലമായി ജനങ്ങൾക്കിടയിൽ ഇറങ്ങാതെ രാജാവ് ഇപ്പോൾ എന്തിനാണ് ഇറങ്ങുന്നതെന്നു ജനങ്ങൾക്ക് അറിയാം. പിആർ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് നവകേരള സദസും യാത്രയും സംഘടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. കർഷകർ ആത്‍മഹത്യ ചെയ്യുകയാണ്. ലൈഫിൽ വീട് പൂർത്തിയാകാത്ത ജനങ്ങൾ പെരുവഴിയിലാണ്. ക്ഷേമ പെൻഷൻ കിട്ടാതെ ആളുകൾ വലയുകയാണ്. ഇതെല്ലാം മാറ്റിവെച്ചാണ് കോടികൾ മുടക്കി സദസ് സംഘടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Most Read| ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE