മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ഒഎൻജിസി ബാർജിലെ 38 തൊഴിലാളികളെ കണ്ടെത്താനായില്ല. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 ബാർജാണ് അപകടത്തിൽ പെട്ടത്. 186 പേരെ ഇതുവരെ രക്ഷപെടുത്തി. 37 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
തിങ്കളാഴ്ചയാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസി ബാർജ് മുങ്ങിയത്. എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന തൊഴിലാളികളാണ് ബാർജിൽ ഉണ്ടായിരുന്നത്. കഠിന പ്രയത്നത്തിലൂടെയാണ് 186 പേരെ നാവികസേനയും തീരരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്. മറ്റൊരു ബാർജായ ഗാൽ കൺസ്ട്രക്ടറിലെ 137 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. എല്ലാ മൃതദേഹങ്ങളും ബാർജിൽ ഉണ്ടായിരുന്നവരുടേത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് നാവികസേനാ അധികൃതർ അറിയിച്ചു. മുംബൈക്ക് അടുത്ത് നങ്കൂരമിട്ട് കിടന്ന 3 ബാർജുകളും ഒരു റിഗ്ഗുമാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, മരണങ്ങൾ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ബാർജുകൾ ഇവിടെ നങ്കൂരമിട്ടതിനെ സംബന്ധിച്ച് മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Read also: ‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും






































