കോഴിക്കോട്: മലബാര്‍ മേഖലയിലെ പാൽസംഭരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് മിൽമ. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പ്രതിനിധികൾ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി ഇടപെടുമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
അധികമായി വരുന്ന പാല്‍ ത്രിതല പഞ്ചായത്തുകള്‍, ട്രൈബല്‍ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധസദനങ്ങള്‍, കോവിഡ് ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. മിച്ചം വരുന്ന പാൽ മുഴുവൻ പൊടിയാക്കി മാറ്റാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ മലബാറില്‍ നിന്ന് പാല്‍ ശേഖരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മില്‍മ വ്യക്‌തമാക്കി.
പാൽ വിപണനത്തിൽ ഉണ്ടായ ഇടിവിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവെച്ചിരുന്നു. 40 ശതമാനമാണ് പാൽ സംഭരണത്തിൽ കുറവ് വരുത്തിയിരുന്നത്.
ലോക്ക്ഡൗൺ തുടങ്ങിയതോടെ സംഭരിക്കുന്ന പാലിൽ 4 ലക്ഷത്തോളം ലിറ്റർ പാൽ മിച്ചം വരുന്നതായി മിൽമ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവെച്ചത്.
Read also: തീരുമാനം ഹൈക്കമാൻഡിന്റേത്; ഇനി വിവാദങ്ങൾക്ക് പ്രസക്‌തിയില്ല; ഉമ്മൻ ചാണ്ടി








































