തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂട്ടി. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. മിൽമ റിച്ച് കവർ പാലിന് 29 രൂപ ആയിരുന്നു. ഇനി അത് 30 രൂപയാകും. മിൽമ സ്‍മാർട്ട് കവറിന് 24 രൂപയായിരുന്നു. ഇനി മുതൽ 25 രൂപയാകും. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, ഏറെ വിറ്റുപോകുന്ന നീല കവർ പാലിന് വില കൂടില്ല. വലിയ സാമ്പത്തിക നഷ്‌ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് മിൽമയുടെ വിശദീകരണം. എന്നാൽ, ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്‌ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്‌തമാക്കുന്നു. മിൽമ റിച്ച് കവറും സ്‍മാർട്ട് കവറും വിറ്റു പോകുന്നത് മൊത്തം വിൽപ്പനയുടെ അഞ്ചു ശതമാനം മാത്രമാണ്.
റിപൊസിഷനിങ് മിൽമ എന്ന പുതിയ ഉൽഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്‌ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പിലാക്കുന്ന പദ്ധതിയാണിത്. എന്നാൽ, വില കൂട്ടിയതല്ല, ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം.
അതേസമയം, പാൽ വില വർധിപ്പിച്ച വിവരം സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. നിലവിൽ പാൽ വില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഇക്കാര്യത്തിൽ മിൽമയോട് വിശദീകരണം തേടുമെന്നും വ്യക്‌തമാക്കി. വില വർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ മിൽമ പാലിന് വില വർധിപ്പിക്കാനുള്ള അധികാരം മിൽമക്ക് തന്നെയാണ്. വില വർധിപ്പിക്കുന്നത് സർക്കാരല്ല. മുൻ കാലഘട്ടങ്ങളിലും അത് തന്നെയായിരുന്നു രീതി. ഇത്തവണ എന്തുകൊണ്ടാണ് വില വർധിപ്പിച്ചതെന്ന് മിൽമയുടെ ചെയർമാനോട് ചോദിച്ചാലെ അറിയാൻ പറ്റൂ. വകുപ്പ് മന്ത്രിയെന്ന നിലയിൽ എനിക്ക് ഇതേക്കുറിച്ചു ഒരറിവും ഇല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: വിയർത്ത് കുളിച്ച് കേരളം; താപനില 40 ഡിഗ്രിക്ക് മുകളിൽ- 6 ജില്ലകളിൽ ജാഗ്രത