തൃശൂര്‍: കൊടകര കുഴല്‍പ്പണ കവർച്ചാ കേസില്‍ ബിജെപി സംസ്ഥാന നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ബിജെപി സംസ്ഥാന ഓഫിസ് സെക്രട്ടറി ജി ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. തൃശൂർ പോലീസ് ക്ളബിൽ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം.
പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുന്നത്. ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ ധർമരാജനുമായി ബന്ധപ്പെടാൻ സംസ്ഥാന ഓഫിസിൽ നിന്നാണ് നിർദ്ദേശം ലഭിച്ചതെന്നാണ് കർത്ത പോലീസിന് നൽകിയ മൊഴി.
ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കേസിൽ കണ്ടെടുത്ത പണവുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് ഗണേഷിന്റെ മൊഴി. ധർമരാജനെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് വിളിച്ചതെന്നും എം ഗണേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവർക്ക് പണം കൊണ്ടുവരുന്നത് അറിയാമായിരുന്നെന്ന് ധർമരാജൻ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. തൃശൂർ പോലീസ് ക്ളബിൽ വച്ചാണ് ഇയാളെ ചോദ്യം ചെയ്തത്.
Sports News: ചാമ്പ്യൻസ് ലീഗ് ഫൈനൽ നാളെ; ചെൽസിയും സിറ്റിയും നേർക്കുനേർ







































