ന്യൂഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152,734 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 2,56,92,342 പേർ രോഗമുക്‌തി നേടി. 3,128 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 50 ദിവസത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒന്നരലക്ഷമായി കുറയുന്നത്. ഇതോടെ തുടർച്ചയായ 7ആം ദിവസവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയായി നിർത്താൻ കഴിഞ്ഞു.
ഈ മാസം തുടക്കത്തിൽ ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 4 ലക്ഷത്തിന് മുകളിൽ എത്തിയത് ഏറെ ആശങ്കകൾ സൃഷ്‌ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്‌ചയായി പുതുതായി കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ പുതുതായി സ്‌ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം 2 ലക്ഷത്തിൽ താഴെയാണ്.
2,80,47,534 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 2,56,92,342 പേർ രോഗമുക്‌തി നേടി. 3,29,100 കോവിഡ് മരണങ്ങളും ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുണ്ട്. 34,48,66,883 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 16,83,135 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചു. 20,26,092 പേർ നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ തുടരുന്നുണ്ട്. അതേസമയം, 21,31,54,129 പേർ കോവിഡിന് എതിരായ വാക്‌സിൻ സ്വീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read also: കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയിലും കർശന നിയന്ത്രണം







































