തിരുവനന്തപുരം : സംസ്‌ഥാനത്ത് 100ലേറെ തടവുകാരുടെ മോചനം സർക്കാരിന്റെ പരിഗണനയിൽ. 3 അംഗ സമിതി ശുപാർശ ചെയ്‌ത മാനദണ്ഡങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോചനം സാധ്യമാക്കുന്നത്. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനാണ് സമിതി ശുപാർശ ചെയ്‌തിരിക്കുന്നത്. ഇതിനൊപ്പം തന്നെ കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിൽ ജയിൽ ഉപദേശക സമിതി നിർദ്ദേശിച്ച 41 പേരെയും വിട്ടയക്കാൻ തീരുമാനമുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കുന്ന തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം മന്ത്രിസഭ ശുപാർശ ചെയ്‌താൽ ഗവർണറാണ് അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നത്. നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രായാധിക്യം ചെന്ന മിക്ക തടവുകാരുടെയും സ്‌ഥിതി മോശമായി. അതിനാൽ തന്നെ ഇവരെ മോചിപ്പിക്കണമെന്നാണ് സർക്കാർ നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിൽ മോചിപ്പിക്കേണ്ട ആളുകളുടെ ആദ്യ പട്ടിക ജയിൽ വകുപ്പ് പൂർത്തിയാക്കിയപ്പോൾ 242 പേരാണ് അതിൽ ഉണ്ടായിരുന്നത്.
ജയിൽ ഉപദേശക സമിതിയും, ബന്ധപ്പെട്ടവരും നടത്തിയ പരിശോധനയിൽ പട്ടികയിലെ ആളുകളുടെ എണ്ണം 60 ആയി കുറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ടവർ, ക്വട്ടേഷൻ സംഘങ്ങൾ, സ്‌ഥിരം കൊലപാതകികൾ, കള്ളക്കടത്തുകാർ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകൾ, സ്‌ത്രീധന പീഡനം എന്നിവയിൽ ശിക്ഷിക്കപ്പെട്ട ആളുകൾക്ക് മോചനത്തിനുള്ള അനുമതി ഉണ്ടായിരിക്കില്ല. നിലവിൽ 14 വർഷം ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കിയവരെ വിട്ടയക്കണമെന്ന് സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം







































