ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

By Esahaque Eswaramangalam, Chief Editor
  • Follow author on
Nirav Modi _ Lalit Modi _ Neeshal Modi
നീരവ് മോദി, ലളിത് മോദി, നീഷൽ മോദി
Ajwa Travels

കേന്ദ്രത്തിലെ അധികാരം പിടിക്കാനായി 2010 മുതൽ 2014 വരെനീണ്ട പിആർ ക്യാംപയിനിലെ നുണ പ്രചരണങ്ങളിൽ പ്രധനപ്പെട്ടവ; ഇന്ധന വില പകുതിയാക്കൽ, സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിക്കൽ, എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കൽ, ഇന്ത്യയിൽ കുമിഞ്ഞു കൂടിയിരിക്കുന്ന കള്ളപ്പണവേട്ട, ഇന്ധനവില നിർണയാധികാരം തിരികെപിടിക്കൽ, കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട 12ഓളം പേരെ തിരികെയെത്തിക്കൽ, ഇറ്റാലിയൻ കപ്പൽ വെടിവെപ്പ് കേസിലെ പ്രതികളെ ശിക്ഷിക്കൽ, വിലക്കയറ്റം പിടിച്ചുകെട്ടൽ, വ്യാപാരമേഖലയിലെ കുത്തകകളെ അമർച്ച ചെയ്യൽ, രാമക്ഷേത്ര നിർമാണത്തിലൂടെ രാജ്യത്തിന്റെ ശാപമോക്ഷം, സ്വകാര്യവൽകരണത്തിന് കടിഞ്ഞാണിടൽ, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സംരക്ഷണം, ഡോളറിന്റെ വിലയിടിക്കൽ, ഭൂമാഫിയയെ അമർച്ച ചെയ്‌ത്‌ ഭൂമിയുടെ വിലകുറയ്‌ക്കൽ തുടങ്ങിയ പ്രചാരണങ്ങൾ.

ഇതിൽ ഒന്നൊഴികെ മറ്റെല്ലാത്തിന്റെയും ഇന്നത്തെ അവസ്‌ഥ ‘ബോധമുള്ള’ എല്ലാ വായനക്കാർക്കും അറിയാം. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട 12ഓളം പേരെ തിരികെയെത്തിക്കൽ എവിടെം വരെയായി എന്നതും കുറച്ചൊക്കെ നമുക്കറിയാം. എന്നാൽ, അന്നത്തെ 12ഓളം പേർ ഇന്ന് 72 പേരായിരിക്കുന്നു എന്നത് നമ്മിൽ പലർക്കും അറിയില്ല.

2014ൽ 12, ഇന്നത് 72 പേർ!

2019 ജനുവരി 04ന്  അന്നത്തെ ധനകാര്യമന്ത്രി ശിവ് പ്രതാപ് ശുക്‌ള ലക്‌സഭയിൽ പറഞ്ഞ കണക്ക് അനുസരിച്ച്അവസാന 5 വർഷം കൊണ്ട് 27 സാമ്പത്തിക കുറ്റവാളികൾ രാജ്യം വിട്ടിട്ടുണ്ട് എന്നായിരുന്നു. ഇതിൽ 20 പേരെ തിരിച്ചു രാജ്യത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഇദ്ദേഹം ലോക്‌സഭയെ അറിയിച്ചു. 2014ൽ നിന്ന് 2019ലേക്ക് എത്തുമ്പോൾ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികൾ 12ൽ നിന്ന് 27 ആയി വർധിച്ചു. ഇവരിൽ പലരും രാജ്യം വിട്ടത് നാമറിയുന്നത് തന്നെ ലോക്‌സഭയിൽ ശിവ് പ്രതാപ് ശുക്‌ള വിശദാംശങ്ങൾ സമർപ്പിച്ചപ്പോൾ മാത്രമാണ്!

2019ൽ നിന്ന് 2020ലേക്ക് എത്തിയപ്പോൾ 27 വീണ്ടും വർധിച്ച് 72 പേരായി! സാമ്പത്തിക തട്ടിപ്പുകളോ സാമ്പത്തിക കുറ്റകൃത്യങ്ങളോ നടത്തിയ 72 ഇന്ത്യക്കാർ നിലവിൽ വിദേശത്താണെന്നും അവരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇവരിൽ വിനയ് മിത്തൽ, സണ്ണി കൽറ എന്നിവരെ മാത്രമാണ് കഴിഞ്ഞ 6 വർഷംകൊണ്ട് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ളൂ എന്നും 2020 ഫെബ്രുവരി 5ന് ഇതേ ധനമന്ത്രി ശിവ് പ്രതാപ് ശുക്‌ള ലോക്‌സഭയെ അറിയിച്ചു!

Shiv Pratap Shukla On Economic offenders escaping
ശിവ് പ്രതാപ് ശുക്‌ള

ഒരുവർഷം കൊണ്ട് വർധിച്ചത് 27ൽ നിന്ന് 72ലേക്ക്! അതായത് ഒരു വർഷംകൊണ്ട് 45 പേർ അധികരിച്ചു! 72 പേരിൽ പലരും എപ്പോഴാണ് രാജ്യം വിട്ടെതെന്നോ അവർ ആരൊക്കെ എന്നതോ ഇവർ തട്ടിയ കോടികൾ എത്രയെന്നോ ഇപ്പോഴും വ്യക്‌തതയില്ലാത്ത കാര്യങ്ങളാണ്.

2019ലെ അധികാരം പിടിക്കാനുള്ള നീക്കങ്ങൾ

രണ്ടാം തവണ അധികാരത്തിലെത്താനുള്ള നുണ പ്രചാരണങ്ങളുടെയും തന്ത്രങ്ങളുടെയും പട്ടിക വളരെനീണ്ടതാണ്. അത്യാവശ്യം വായനാ സംസ്‌കാരവും വലിയ മറവിയുമില്ലാത്ത കേരളത്തിലെ ജനങ്ങൾക്കിടയിൽ അതൊന്നും വേവില്ലെങ്കിലും ഇന്ത്യയുടെഹൃദയ ഭൂമിയായ ഉത്തരേന്ത്യയിലും തൊട്ടരികിലുള്ള സംസ്‌ഥാനങ്ങളിലും നന്നായി വിറ്റഴിക്കാൻ പറ്റുന്ന തന്ത്രങ്ങളിൽ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി പരിശോധിക്കാം.

Interpol Logo For Representational Purpose
Representational Image

സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യംവിട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഫുജുറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് 2018ന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കുന്നു. ഇന്റർപോളുമായുള്ള സഹകരണത്തിൽ മുഴുവൻ കുറ്റവാളികളെയും ഒരു വർഷത്തിനകം ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതി തയാറാക്കിയതായുള്ള പ്രചരണം, 15 ലക്ഷം അടുത്തു തന്നെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നുള്ള കേന്ദ്രമന്ത്രിയുടെ ഉറപ്പ്, സ്വിസ്ബാങ്കിലെ പട്ടിക തയ്യാറായി വരുന്നുണ്ട് തുടങ്ങി നീളുന്നതാണ് വ്യാമോഹങ്ങളുടെ ആ പട്ടികയും.

15 ലക്ഷത്തിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

2013 നവംബര്‍ ഏഴാം തീയതി ഛത്തീസ്‌ഗഢിലെ കണ്‍കറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് എല്ലാ ഇന്ത്യക്കാരുടെയും അകൗണ്ടില്‍ 15 ലക്ഷംരൂപ വീതം എത്തിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉണ്ടായത്.

ഈ വിഷയത്തിൽ മോദി പറഞ്ഞതിലെ പൊരുൾ വേറെയാണ് എന്ന രീതിയിലുള്ള വ്യഖ്യാനങ്ങളാണ് 2018 അവസാനം വരെ കേട്ടത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ടവരെ തിരിച്ചെത്തിച്ച്‌, തട്ടിച്ച പണം തിരികെപിടിച്ചും സ്വിസ്ബാങ്കിലെ നിക്ഷേപം കണ്ടുകെട്ടിയും ഇന്ത്യയിലെ മുഴുവൻ കള്ളപ്പണവും കണ്ടെത്തിയും കഴിയുമ്പോൾ ഓരോരുത്തർക്കും 15 ലക്ഷം വീതം നൽകാനുള്ള തുകയുണ്ടാകും എന്നാണ് പറഞ്ഞതെന്നും മറ്റുമുള്ള വിശദീകരണങ്ങളുടെ ഒഴുക്കായിരുന്നു മോദി അധികാരത്തിലിരുന്ന നീണ്ട 5 വർഷക്കാലം.

Ramdas Athawale Says 15 lakh in each account will happen
Asian News International Tweet Screenshot (Dec 18, 2018)

ഈ വിഷയത്തിൽ മോദി ഒരക്ഷരം മിണ്ടിയില്ലങ്കിലും 2019ലെ തിരഞ്ഞെടുപ്പിന് മുൻപായി 15ലക്ഷം അക്കൗണ്ടിലെത്തിക്കാൻ ഇനിയധികം താമസമില്ല എന്ന രീതിയിലുള്ള വ്യാപക പ്രചാരണം ഉത്തരേന്ത്യൻ ബെൽറ്റിൽ നടന്നു. (മറ്റു പ്രചാരണങ്ങൾ ഇവിടെ പറയുന്നില്ല) ഈ പ്രചാരണം ഇത്തവണ മോദിയല്ല നടത്തിയത്. പകരം ഈ നുണ പ്രചാരണ ചുമതല നിരവധി സംഘപരിവാർ നേതാക്കളിലേക്കും കേന്ദ്രമന്ത്രിമാരിലേക്കും പകുത്തുനൽകി. ഇതനുസരിച്ചാണ് അന്നും ഇന്നും കേന്ദ്ര മന്ത്രിയായി തുടരുന്ന രാംദാസ് അതാവ്‌ലെ പരസ്യമായി ദേശീയ മാധ്യമങ്ങളോട് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം രൂപ എല്ലാവര്‍ക്കും ലഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ 15 ലക്ഷം വീതം നല്‍കാന്‍ തയ്യാറാണെന്നും എന്നാൽ റിസര്‍വ് ബാങ്ക് നിലപാടാണ് തടസം സൃഷ്‌ടിക്കുന്നതെന്നും വിശദീകരിച്ചു! ഇദ്ദേഹം അപ്പോൾ കേന്ദ്രസാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്നു!

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിട്ട പ്രമുഖർ

നിലവിൽ രാജ്യം വിട്ടതായി കേന്ദ്രം പറയുന്ന 72 പേർ മാത്രം തട്ടിച്ചിരിക്കുന്നത് ഇന്ത്യയുടെ പത്തുകൊല്ലത്തെ ബഡ്‌ജറ്റിലും ഉയർന്ന തുകയാണത്രെ. വിജയ്‌മല്യ, നീരവ് മോദി, ലളിത് മോദി, നീഷൽ മോദി, മെഹുല്‍ ചോക്‌സി, നിധിൻ സന്ദേശര, ചേതൻ സന്ദേശര, ജതിന്‍ മെഹ്ത, സഞ്‌ജയ്‌ ഭണ്ഡാരി, ദീപക് തല്‍വാര്‍, വിക്രം കോത്താരി, സൗമിത് ജേന, വിആർ പട്ടേൽ, സുനിൽ രമേശ് രൂപാണി, സുരേന്ദർ സിംഗ്, അംഗാഡ് സിംഗ്, ഹർസാഹിബ് സിംഗ്, ഹാർലിൻ കൗർ, ഹേമന്ദ്‌ ഗാന്ധി, ഈശ്വർ ഭട്ട് തുടങ്ങി 72 പേരിൽ ഏറ്റവും പ്രമുഖരിൽ ചിലരെ ഓർക്കാം.

Economic fraud In India

വിജയ് മല്യ

കിങ്ഫിഷർ എയർലൈൻ, യുണൈറ്റഡ് ബ്രീവറീസ് ഉൾപ്പടെ അനേകം വ്യവസാങ്ങളുടെ അധിപനും, രാജ്യസഭാ എംപിയുമായിരുന്ന വിജയ് മല്യ കർണാടക സ്വദേശി വിത്തൽ മല്യയുടെ മകനാണ്.

1983
ൽ വിജയ് മല്യയുടെ പിതാവിന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ഇരുപത്തിയെട്ടാം വയസിൽ കമ്പനികളുടെ മേധാവിയായി. പിന്നീട്, വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടിയുടെ വായ്‌പാ തട്ടിപ്പ് നടത്തി 2016 മാർച്ചിൽ ലണ്ടനിലേക്ക് കടന്ന ഇയാളെ ലണ്ടനില്‍ അറസ്‌റ്റ് ചെയ്‌തെങ്കിലും അവിടെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇപ്പോഴും സസുഖം തന്റെ ലണ്ടനിലെ ആഡംബര ബംഗ്ളാവിൽ കഴിയുന്നു.

Vijay Mallya
വിജയ്‌മല്യ

ലളിത് മോദി

ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ‌പി‌എൽ സ്‌ഥാപകൻ. മുന്‍ ഐപിഎല്‍ കമ്മീഷണറായിരുന്ന ഇയാൾ 2009ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചാണ് ഇന്ത്യ വിട്ടത്. ഏകദേശ കണക്കനുസരിച്ച് 1150 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ലളിത് മോദിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായി അക്കാലത്ത് ആക്ഷേപമുയര്‍ന്നിരുന്നു. 2010 മെയ് മാസത്തിലാണ് ലളിത് മോദി ഇന്ത്യയിൽ നിന്ന് പലായനം ചെയ്‌തത്‌. ഇയാളും ഒരു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ സസുഖം വാഴുന്നു എന്നാണ് റിപ്പോർട്.

Courtesy _ Outlook India
ലളിത് മോദി നരേന്ദ്രമോദിക്കും അമിത്‌ഷാക്കുമൊപ്പം (Courtesy _ Outlook India)

ജതിന്‍ മെഹ്ത

വജ്രവ്യാപാരിയായ ജതിന്‍ മെഹ്തയെ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾ 15 ബാങ്കുകളില്‍ നിന്നായി 6,800 കോടി രൂപയാണ് തട്ടിയത്. കൂടാതെ നികുതിയിനത്തിൽ നടത്തിയ തട്ടിപ്പ് 1300 കോടിയോളം വരുമെന്നാണ് കണക്കുകൾ പറയുന്നത്.

ഇയാൾ, 2013ൽ കുടുംബത്തോടൊപ്പം കരീബിയൻ ദ്വീപായ സെന്റ് കിറ്റ്സിലേക്ക് കടന്നു. സെന്റ് കിറ്റ്സിലും യുകെയിലും മാറി മാറി യാത്ര ചെയ്യുന്നതായും തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ മോണ്ടെനെഗ്രോയിൽ സ്‌ഥിര താമസമാക്കി എന്നും അവിടെ പുതിയ സ്‌ഥാപനങ്ങൾ നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ രാജ്യവുമായി ഇന്ത്യക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാറില്ല. വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയുടെ ഏറ്റവുമടുത്ത ബന്ധുകൂടിയാണ് ജതിന്‍ മെഹ്ത. ഗൗതം അദാനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനാണ്. മെഹ്തയുടെ മകന്‍ സൂരജ് ഗൗതം, അദാനിയുടെ സഹോദര പുത്രിയായ കൃപയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്!

Jatin Mehta
ജതിന്‍ മെഹ്ത

സഞ്‌ജയ്‌ ഭണ്ഡാരി

പ്രതിരോധ വകുപ്പിന്റെ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സഞ്‌ജയ്‌ ഭണ്ഡാരിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 2010 ല്‍ സ്വിസ് കമ്പനിയില്‍ നിന്ന് 7,50,000 ഫ്രാങ്ക്സ് ഇയാൾ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. 3000 കോടിയോളം കള്ളപ്പണം വെളുപ്പിക്കൽ ഇയാൾ നടത്തിയിട്ടുണ്ട് എന്നാണ് അനുമാനം. ഇപ്പോൾ യുകെയിൽ താമസിക്കുന്ന ഇയാൾ ലണ്ടൻ കോടതിയിൽ കേസ് നേരിടുന്നുണ്ട്.
2016ൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്‌ത ഇയാൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്‌രയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യയിൽ രാഷ്‌ട്രീയ പോര് ഉണ്ടായിരുന്നു.

Sanjay bhandari
സഞ്‌ജയ്‌ ഭണ്ഡാരി

നീരവ് മോദി

ബാങ്കുകൾ, നികുതികൾ, അഴിമതി ഉൾപ്പടെ ഏകദേശം 8000 കോടിയുടെ തട്ടിപ്പാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇതിൽ പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണം രാജ്യം വിടുന്നതിന് മുൻപ് തന്നെ പിടിക്കപ്പെട്ടിരുന്നു. ഇതോടെ 2017ൽ ഇയാൾ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞു. അവിടെ അറസ്‌റ്റിലായ നീരവ് ലണ്ടനിലെ ജയിലിലാണ് നിലവിൽ. തന്നെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി കോടതിയിൽ കേസ് നടത്തുന്നുണ്ട്. ഇയാളുടെ ബന്ധുവാണ് സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യവിട്ട മെഹുൽ ചോക്‌സി.

Nirav Modi
നീരവ് മോദി

മെഹുൽ ചോക്‌സി

നീരവ് മോദിയുടെ അമ്മാവനും പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണ കേസിലെ കൂട്ടുപ്രതിയുമായ മെഹുൽ ചോക്‌സി ഒറ്റക്ക് നടത്തിയ തട്ടിപ്പ് 6000 കോടിയോളം രൂപയാണ്.  2018ൽ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ ഇയാൾ ഇന്ത്യൻ ഏജൻസികള്‍ക്ക് മുമ്പില്‍ കീഴടങ്ങാതെ വിജയിച്ചിട്ടുണ്ട്. ഇയാൾക്ക് ആന്റിഗ്വാൻ എന്ന രാജ്യത്തും കരീബിയൻ ദ്വീപായ ബർബുഡയിലും പൗരത്വം ഉണ്ടെന്ന് പറയപ്പെടുന്നു.

Mehul Choksi
മെഹുൽ ചോക്‌സി

2021 മെയ്‌മാസത്തിൽ ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൊമിനിക്കന്‍ പോലീസിന്റെ പിടിയിലായ മെഹുല്‍ ചോക്‌സി ഇപ്പോൾ അവിടെ പോലീസ് കസ്‌റ്റഡിയിലാണ്. ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട് ഉണ്ട്. എന്നാൽ, നിയമ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത് ഇത് എളുപ്പമുള്ള കാര്യമല്ലെന്നാണ്‌. മെഹുൽ ചോക്‌സി, തന്നെ ഇന്ത്യയിലേക്ക് വിട്ടു കൊടുക്കാതിരിക്കാനുള്ള നിയമ പോരാട്ടം കഴിഞ്ഞ ദിവസങ്ങളിലും തുടരുന്നുണ്ട്.

നിധിൻ സന്ദേശര

2017ൽ ഇന്ത്യയിൽ നിന്ന് നൈജീരിയയിലേക്ക് കടന്നുകളഞ്ഞ പ്രമുഖ വ്യവസായിയാണ് നിധിൻ സന്ദേശര. ഇയാളുടെ സ്‌ഥാപനമായ സ്‌റ്റെർലിംഗ്‌ ബയോടെക് ഗ്രൂപ്പ് നടത്തിയത് 15,600 കോടി രൂപയുടെ ബാങ്കിംഗ് തട്ടിപ്പാണ്. ഇത് കൂടാതെ, 2300കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും നടത്തിയതായി ആരോപണമുണ്ട്. ഇയാൾ കുടുംബം ഉൾപ്പടെയാണ് രാജ്യം വിട്ടത്.

Nitin Sandesara
നിധിൻ സന്ദേശര

മുന്നൂറിലേറെ ബിനാമി കമ്പനികള്‍ ഇയാൾ തുടങ്ങിയതായും ഈ കമ്പനികളുടെ പേരിൽ വ്യാജ കണക്കുവിവരങ്ങള്‍ തയ്യാറാക്കി ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് വായ്‌പകൾ തരപ്പെടുത്തി എന്നരീതിയിലാണ് കേസ്. എന്നാൽ, ഗുജറാത്ത് സർക്കാരിന്റെ സഹായത്തോടെയാണ് ഇയാളും കുടുംബവും 2017ൽ നാടുവിട്ടത് എന്നാണ് മുഖ്യആരോപണം. നൈജീരിയയുമായി നാടുകടത്തല്‍ കരാര്‍ ഒപ്പിട്ടിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ.

2021ലെ കണക്ക് ലോക്‌സഭയിൽ?

ഇല്ല., പുതുതായി സാമ്പത്തിക കുറ്റവാളികളുടെ കണക്ക് ആരും ലോക്‌സഭയിൽ ചോദിച്ചതായി അറിയില്ല. എന്നാൽ, അത് 100 കടക്കും എന്നാണ് അനുമാനം. ഔദ്യോഗിക സ്‌ഥിരീകരണം ലഭിക്കാത്ത ഒരു കണക്ക് പറയുന്നത്, കഴിഞ്ഞ 2 വർഷംകൊണ്ട്‌ ഉത്തരേന്ത്യയിൽ നിന്ന് മാത്രം 19 കോടിശ്വരൻമാർ രാജ്യംവിട്ടിട്ടുണ്ട് എന്നാണ്. കർണാടക, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ നിന്ന് 7 പേരും രാജ്യം വിട്ടതായി ചില കണക്കുകൾ പറയുന്നു. ഇതിൽ കോലാർ സ്വർണ ഖനിയുമായി ബന്ധപ്പെട്ട രണ്ടു വ്യക്‌തികളും അവരുടെ കുടുംബവും ഉൾപ്പെടും. ഇവരിപ്പോൾ സൗത്ത് അമേരിക്കയിലെ ഇക്വഡോറിൽ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം.

Narendra Modi In bad Moodരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച അന്നുമുതൽ 2014 വരെ സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിട്ടത് 12 പേരായിരുന്നുവെങ്കിൽ 2014 മുതൽ 2021ലേക്ക് എത്തുമ്പോൾ അത് 100ലേക്ക് അടുക്കുന്നു എന്നതാണ് ഏറെ കൗതുകമുണർത്തുന്ന കാര്യം. ഇതിൽ തന്നെ 80 ശതമാനം പേരും രാജ്യംവിട്ടത് മോദിഭരണത്തിലെ അവകാശവാദം കടമെടുത്ത് പറഞ്ഞാൽ, ‘ഇന്ത്യയുടെ സകല സുരക്ഷകളും വർധിച്ചതിന് ശേഷമാണ്.

സംഘപ്രവർത്തകരുടെ നിലവിലെ പ്രതീക്ഷ

വീണ്ടും അധികാരത്തിലെത്തിയ മോദിഭരണത്തിൽ, ഇപ്പോഴും കേന്ദ്ര മന്ത്രിയായി തുടരുന്നുണ്ട് രാംദാസ് അതാവ്‌ലെ! ഇദ്ദേഹം റിസര്‍വ് ബാങ്ക് നിലപാടിലെ തടസം നീക്കി 15 ലക്ഷം എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്തരേന്ത്യൻ ജനത ഇപ്പോഴും! 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ തുക വിതരണം ചെയ്യുന്ന ദിവസം പ്രഖ്യാപിക്കുമെന്നാണ് ഒരുഭാഗം സംഘപ്രവർത്തക ജനതയുടെ വിശ്വാസം! 3 ഘട്ടമായിട്ടെങ്കിലും അതായത് ഓരോ 5 കൊല്ലം കൂടുമ്പോഴും 5 ലക്ഷംവച്ച് അക്കൗണ്ടിലെത്തുമെന്ന് ഇവരിൽ പലരും ഉറച്ചു വിശ്വസിക്കുന്നു! വിശ്വാസം അതാണല്ലോ എല്ലാം.

ഉത്തരമില്ലാതെ കേന്ദ്രം

കേന്ദ്രം ഉത്തരം പറയുക എന്നത് 2014 മുതൽ കേട്ടുകേൾവിയുള്ള കാര്യമല്ല. അവർ പറയും, ജനത അനുസരിക്കുക. പറഞ്ഞത് നടത്തണമോ വേണ്ടയോ എന്നത് കേന്ദ്രം തീരുമാനിക്കും. നടത്തിയില്ലെങ്കിൽ ചോദ്യം ഉയരാൻ പാടില്ല എന്നൊരു ‘രാജ ശാസന’ അലിഖിത നിയമമായി (താമസിയാതെ ലിഖിതമാകും) ഇന്ത്യയിൽ നിലവിലുണ്ട്. അതുകൊണ്ട്‌ തന്നെ രാജ്യംവിട്ട സാമ്പത്തിക കുറ്റവാളികളുടെ കാര്യത്തിലും കേന്ദ്രം അവർക്ക് തോന്നുന്ന (തോന്നിയാൽ) സമയത്ത്, തോന്നിയത് പറയും. കൂടുതൽ ചോദ്യങ്ങൾ അങ്ങോട്ട് വേണ്ട.

Political Lies campaignനീരവ് മോദിയുടെ അമ്മാവനും സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യവിടുകയും ചെയ്‌ത 62 കാരനായ മെഹുൽ ചോക്‌സിയെ കഴിഞ്ഞ ദിവസം പുതിയ കാമുകിയോടൊപ്പം കരീബിയൻദ്വീപായ ഡൊമിനിക്കയിൽ അറസ്‌റ്റ് ചെയ്‌തതായും ഇയാളെ കൊണ്ടുവരാനായി ഇന്ത്യ, പ്രത്യേക വിമാനവും ഉദ്യോഗസ്‌ഥരെയും ഡൊമിനിക്കയിലേക്ക് എത്തിച്ചതായും വ്യാപക പ്രചാരണം ഉണ്ടായിരുന്നു.

ജനതയുടെ പ്രതീക്ഷയിലേക്കുള്ള ആ എണ്ണപകരലിന് ശേഷം പിന്നീട് ഒന്നും സംഭവിച്ചതായി അറിയില്ല. മാദ്ധ്യമങ്ങൾക്ക് ഊഹാപോഹങ്ങൾ ഉണ്ടാക്കിയെടുത്ത് വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും ആസ്വാദന നിലവാരത്തിൽ വിളമ്പാനുള്ള ഒരുവിഭവത്തിനപ്പുറം മെഹുൽ ചോക്‌സിയെ ഇന്ത്യയിലെത്തിക്കൽ സംഭവിക്കുമോ എന്നത് കാത്തിരുന്നു കാണാം.

Related Read: വായ്‌പാത്തട്ടിപ്പ്; ആന്റിഗ്വയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി അറസ്‌റ്റിൽ

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE