‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

By Desk Reporter, Malabar News
Representational Image
Ajwa Travels

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വളരുന്ന ‘ക്ളബ്ഹൗസ്’ എന്ന പുതിയ ശബ്‌ദ ആപ്പ് പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ഫീച്ചറിലേക്ക് ബിഗ് ബിയുടെ മുഖവും വന്നേക്കും. അതാത് രാജ്യങ്ങൾക്ക് അതാത് രാജ്യത്തെ പൊതു സ്വീകാര്യനായ വ്യക്‌തിയെ ആപ്പിന്റെ മുഖമാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ലിസ്‌റ്റ് ചെയ്‌തവരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്‌ അമിതാബച്ചനും!

ഗാന്ധിയും ജംഷഡ്‌ജി ടാറ്റയും മദർ തെരേസയും ഉൾപ്പെടുന്ന ലിസ്‌റ്റിൽ നിന്ന് അവസാന പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്‌ എത്തിയത്, ശബ്‌ദംകൊണ്ടും അഭിനയം കൊണ്ടും സാമൂഹിക നിലപാട് കൊണ്ടും എല്ലാ ഇന്ത്യക്കാർക്കും പൊതു സ്വീകാര്യനായ വ്യക്‌തി എന്ന നിലയിലും ഇന്ത്യക്കാരുടെ ബിഗ്ബിയായ അമിതാബ് ബച്ചനെന്ന് റിപ്പോർട്.

ഒരേകാഴ്‌ചയുടെ വിരസത മാറ്റാനുള്ളക്ളബ്ഹൗസ് തന്ത്രങ്ങളിൽ ഒന്നാണ് ആപ്പിന്റെ മുഖം ഇടക്കിടക്ക് മാറ്റുക എന്നത്. മാത്രവുമല്ല, മാദ്ധ്യമങ്ങളിലൂടെ നിരന്തരമായി ക്ളബ്ഹൗസ് എന്ന പേര് ആവർത്തിപ്പിക്കാനും അതുവഴി പണം മുടക്കാതെ ബ്രാൻഡ് ബിൽഡ് ചെയ്യാനും സാധിക്കും. ഇതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളിൽ അതാത് രാജ്യത്തെ പൊതുസ്വീകാര്യനായ വ്യക്‌തികളെ ആപ്പിന്റെ മുഖമാക്കുക എന്ന ഫീച്ചറിലേക്ക് നീങ്ങുന്നത്. അതല്ലങ്കിൽ അധികം പ്രശസ്‌തിയില്ലാത്ത എന്നാൽ, പ്രതിഭകളായ വ്യക്‌തികളെ ആപ്പിന്റെ ലോക മുഖമാക്കുക. നിലവിൽ ഈ രീതിയാണ്‌ ക്ളബ്ഹൗസ്അവലംബിച്ചിരിക്കുന്നത്.

Club House App - Icon Face
ക്ളബ്ഹൗസിൽ മുൻപുണ്ടായിരുന്ന മുഖം

ഈ ഫീച്ചർ ഉടനെ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ക്ളബ്ഹൗസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാൽ, ഫീച്ചർ ആരംഭിക്കാനായി ഇന്ത്യയിൽ നിന്ന് ലിസ്‌റ്റ് ചെയ്‌തവരിൽ പ്രശസ്‌തിയില്ലാത്ത എന്നാൽ പ്രതിഭകളായ അനേകം പേരോടൊപ്പം ബിഗ്ബിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്; ക്ളബ്ഹൗസ് ഉദ്യോഗസ്‌ഥൻ മലബാർ ന്യൂസിനോട് വ്യക്‌തമാക്കി. ഇത്തരം കാര്യങ്ങൾ ഇപ്പോൾ ഞങ്ങൾ ആരുമായും ചർച്ച ചെയ്‌തിട്ടില്ല. കാരണം, ഈ ഫീച്ചർ വിപണിയിൽ ഉണ്ടാക്കുന്ന ചലനം എന്തായിരിക്കും എന്നതിൽ കൂടുതൽ പഠനം ആവശ്യമുണ്ട് ഉദ്യോഗസ്‌ഥൻ പറഞ്ഞു.

ക്ളബ്ഹൗസ് ഐക്കൺ ‘ഡ്രൂ കറ്റോക’

എല്ലാ സർവീസ് ബ്രാൻഡുകൾക്കും ഉൽപന്നങ്ങൾക്കും ഒരുലോഗോ ഉണ്ടാകുക എന്നത് സർവസാധാരണമായ ലോക നിയമമാണ്. ചിലർ പേരിനെ തന്നെ ലോഗോയാക്കും. ചിലർ പ്രസ്‌തുത സംരംഭത്തെയോ സർവീസിനെയോ പ്രതിനിധാനം ചെയ്യുന്ന ഒരു ലോഗോ ഉണ്ടാക്കും. അല്ലങ്കിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും ഒരുഡിസൈൻഡ് ലോഗോ ഉണ്ടാക്കും.

ഈ ലോകനിയമത്തെ പൊളിച്ചടുക്കുന്ന രീതിയാണ് ക്ളബ്ഹൗസ് നടപ്പിലാക്കിയത്. ക്ളബ്ഹൗസ് ഹായ് എന്നൊരു സാധാരണ ഇമോജി ഉപയോഗിക്കുന്നുണ്ട്. പക്ഷെ, പ്രമുഖ വ്യക്‌തികളുടെ മുഖം ആപ്പിന്റെ ഐക്കണാക്കുന്ന രീതിയാണ് ക്ളബ്ഹൗസിനെ തുടക്കം മുതൽ വേറിട്ട് നിറുത്തിയത്.

Drue Kataoka _ The latest icon for Clubhouse.
നിലവിലെ ക്ളബ്ഹൗസ് ഐക്കൺ ‘ഡ്രൂ കറ്റോക’

ഇപ്പോളത്ഡ്രൂ കറ്റോക എന്ന വനിതയാണ്. ക്ളബ്ഹൗസിന്റെ ഐക്കണായ ഈ വനിത ജപ്പാനീസ് വംശജയായ അമേരിക്കക്കാരിയാണ്. നിരവധി രംഗത്ത് തന്റെ വ്യക്‌തിമുദ്ര പതിപ്പിച്ച ഇവര്‍ ഒരു ബഹുമുഖ പ്രതിഭയാണെങ്കിലും മോഡലോ സിനിമാനടിയോ അല്ല.

എന്നാൽ കലാരംഗത്ത് വിഷ്വൽ ആർട്ടിസ്‌റ്റായി പ്രശസ്‌തയാണ്. ടെക്നോളജിസ്‌റ്റ്, സോഷ്യൽ ആക്‌ടിവിസ്‌റ്റ് എന്നിങ്ങനെ വിവിധ മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഡ്രൂ കറ്റോക ഇപ്പോൾ 20ലക്ഷത്തോളം ക്ളബ്ഹൗസ് ഉപയോക്‌താക്കളുടെ മൊബൈലുകളിൽ തിളങ്ങി നിൽക്കുകയാണ്. ഇനിയുള്ള ഏതാനും ആഴ്‌ചകളോ മാസങ്ങളോ ഇവരുടെ മുഖമായിരിക്കും ക്ളബ്ഹൗസ് മുഖം.

ഈ റോളിനായി ‘ക്ളബ്ഹൗസ്’ തിരഞ്ഞെടുത്ത എട്ടാമത്തെ വ്യക്‌തിയാണ്‌ ഇവർ. 2020 മാര്‍ച്ചില്‍ ‘ക്ളബ്ഹൗസ്’ ആരംഭിക്കുമ്പോള്‍ തന്നെ അതില്‍ അംഗമായ വ്യക്‌തികൂടിയാണ് ഡ്രൂ കറ്റോക. സ്‌ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ നിരവധി സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെട്ടാണ് ഇവർ അമേരിക്കയിലും ഏഷ്യയിലും പ്രശസ്‌തി നേടിയത്. ഇവര്‍ സംഘടിപ്പിച്ച പല ക്ളബ്ഹൗസ് ചര്‍ച്ചകളിലും ഏഴ് ലക്ഷം ആളുകള്‍ വരെ പങ്കാളികളായി എന്നാണ് കണക്ക്. ഇതാണ് ഇവരെ ക്ളബ്ഹൗസ് ആപ്പിന്റെ മുഖമായി തിരഞ്ഞെടുക്കാനുണ്ടായ ഒരു കാരണവും.

‘ക്ളബ്ഹൗസ്’ ആശയം

ഒരു മുറിയിൽ, വേദിയിൽ അല്ലങ്കിൽ സദസിൽ കുറച്ചാളുകൾ ചേർന്ന് ഏതെങ്കിലും വിഷയത്തെ അടിസ്‌ഥാനമാക്കി നടത്തുന്ന സംസാരമോ സംവാദമോ വെർച്വൽ ലോകത്തേക്ക് എങ്ങനെ പറിച്ചു നടാൻ സാധിക്കും എന്നതാണ് ക്ളബ്ഹൗസ് ആപ്പ് എന്ന ആശയം.

ClubHouse App Concept Base
Representational Image

എന്നാൽ, നിങ്ങൾ ധരിക്കുന്ന വസ്‌ത്രം ഏതാണ്? മുടിചീകിയിരിക്കുന്നോ? അല്ലെങ്കിൽ നിങ്ങൾ ഉറങ്ങാനായി കിടക്കുകയാണോ? വീടിന്റെ ഭംഗി? വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നോ? അടുക്കളയിലാണോ? മുലയൂട്ടുകയാണോ എന്നിങ്ങനെയുള്ള ഒരു ആശങ്കയും കൂടാതെ ചർച്ചകളിലും മീറ്റുകളിലും പങ്കെടുക്കാൻ കഴിയുന്ന, ഫോട്ടോകളോ വീഡിയോകളോ ചോരുമോ എന്ന ആശങ്കയില്ലാതെ നെറ്റ് വർക് ബിൽഡ് ചെയ്യാനും സാധിക്കുന്ന, അക്ഷരത്തെറ്റ് വരുമോ എന്ന ഭയം കൊണ്ട് ടൈപ് ചെയ്യാൻ ബുദ്ധിമുട്ടുന്ന ആളുകളെ കൂടി ഉൾകൊള്ളാൻ കഴിയുന്ന മൊബൈൽ സ്‌പേസ് അപഹരിക്കാത്ത സൗഹൃദ കൂട്ടായ്‌മയും ആയിരിക്കണം ഈ ആപ്പ് എന്ന ചിന്തയുടെ പരിണിതഫലമാണ് ക്ളബ്ഹൗസ് ആപ്പ്.

ആരാണ് ക്ളബ്ഹൗസ് സ്‌ഥാപകർ?

Paul Davidson_ Club House Founder
പോൾ ഡേവിഡ്‌സൺ – സ്‌ഥാപകരിൽ ഒരാൾ

റോഹൻ സേത്ത്, പോൾ ഡേവിഡ്‌സൺ എന്നിവരാണ് ക്ളബ്ഹൗസ് സ്‌ഥാപകർ. ഇതിൽ റോഹൻ സേത്ത് ഇന്ത്യൻ വംശജനാണ്. ഇവർ രണ്ടുപേരും ചേർന്നാണ് ക്ളബ്ഹൗസ് നിർമിച്ചത്. രോഹൻ സേത്തിനും ഭാര്യ ജെന്നിഫറിനും ജനിതക വൈകല്യമുള്ള ഒരു കുഞ്ഞ് ജനിച്ചു. പേര് ലിഡിയ നീരു സേത്ത്. ഇരിക്കാനും ഇഴയാനും നടക്കാനും സംസാരിക്കാനും സാധിക്കാത്ത മകൾക്ക് വേണ്ടി തങ്ങളുടെ സമയവും സൗകര്യവും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണമാണ് ‘ക്ളബ്ഹൗസ്’ ആശയത്തിലേക്കുള്ള യാത്രയുടെ തുടക്കം. കൂട്ടായി പോൾ ഡേവിഡ്‌സണും എത്തിയപ്പോൾ ആശയം യാഥാർഥ്യമായി.

Clubhouse Founder Rohan seth
രോഹൻ സേത്ത് മകൾക്കൊപ്പം – സ്‌ഥാപകരിൽ ഒരാൾ

‘ടോക്ക് ഷോ’ എന്നപേരിൽ നിന്ന് ‘ക്ളബ്ഹൗസ്’ എന്ന പേരിലേക്ക്

രണ്ടുപേരുടെയും ഒരു ഡസനോളം പരാജയങ്ങൾക്ക് ശേഷം രൂപം കൊണ്ട് ആശയം പല നിക്ഷേപകരെയും സ്വാധീനിച്ചു. എന്നാൽ, ടോക്ക് ഷോ എന്ന പേരും അതിന്റെ ഡോട്ട് കോം വെബ് അഡ്രസും ഇല്ലാത്ത പോരായ്‌മ പല പ്രൊഫഷണൽ നിക്ഷേപകരെയും പിന്തിരിപ്പിച്ചു. ടോക്ക് ഷോ എന്ന പേരിലെ വാശിയുപേക്ഷിച്ച് ‘ക്ളബ്ഹൗസ്’ എന്ന പേരിലേക്ക് മാറാനും ക്ളബ്ഹൗസ് ഡോട്ട് കോം വാങ്ങാനും ഇവർ തീരുമാനിച്ചു.

പക്ഷെ, ക്ളബ്ഹൗസ് ഡോട്ട് കോം വിലാസത്തിന് അതിന്റെ ഉടമസ്‌ഥരായ റിഫ്‌ളക്‌സ് പബ്ളിഷിങ് കമ്പനി ചോദിച്ച വില ഇവർക്ക് മുന്നിലെ പ്രതിസന്ധിയായി. 1997ൽ വാങ്ങി വിൽപനക്കായി വച്ച ഈ വിലാസത്തിന്റെ 9 മില്യൺ ഡോളർ (65 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ) ഇവർക്ക് താങ്ങാൻ കഴിയുന്ന വിലയായിരുന്നില്ല.

Biggest Domain Sales of this yearഅത്കൊണ്ട് 2020 മാർച്ച് മാസത്തിൽ JoinClubhouse.com എന്ന ബ്രാൻഡ് നെയിമിലേക്ക് ഇവർ മാറി. അതും പക്ഷെ നിക്ഷേപകരെ സ്വാധീനിച്ചില്ല. ഒരു ജനറിക് ബ്രാൻഡ് നെയിം എന്നനിലയിൽ നിരവധി പോരായ്‌മകൾ ഉള്ള ഈ പേരും നിക്ഷേപകരെ സ്വാധീനിക്കാൻ തടസമായി. എങ്കിലും, 9 മില്യൺ ഡോളർ നൽകി ClubHouse.com വാങ്ങാൻ ഇവർ തയ്യാറായില്ല.

പിന്നീട് 2021 ജനുവരിയിൽ Join.club എന്ന പുതിയ വിലാസത്തിലേക്ക് മാറിയെങ്കിലും അതും പ്രൊഫഷണൽ നിക്ഷേപകരെ സ്വാധീനിക്കാൻ സാധിക്കാത്ത തീരുമാനമായിരുന്നു. പേരിന് മുന്നിൽ തോൽക്കേണ്ട എന്ന തീരുമാനത്തിലെത്തിയ ഇവർ അവസാനം Reflex Publishing Inc എന്ന ഡൊമൈൻ ട്രേഡിംഗ് കമ്പനിയിൽ നിന്ന് ClubHouse.com വാങ്ങാൻ തീരുമാനിക്കുകയും അഡ്വാൻസ് തുകനൽകി കരാറിൽ ഏർപ്പെടുകയും ചെയ്‌തു.

ClubHouse.com Domain Buy for 9 Millionഈ മുന്നേറ്റം നിക്ഷേപകർക്കിടയിൽ വലിയ പ്രതീക്ഷയും ഉണർവും നൽകി. ഈ നീക്കത്തിലൂടെ 15 മില്യൺ ഡോളർ ആദ്യഘട്ട വികസനത്തിലേക്ക് റൈസ് ചെയ്‌ത റോഹൻ സേത്തിനും പോൾ ഡേവിഡ്‌സണും പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.

ലഭ്യമായ വിവരങ്ങളനുസരിച്ച് കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് മാത്രം 1 ബില്യൺ ഡോളർക്ളബ്ഹൗസ് അതിന്റെ വികസനത്തിനായി റൈസ് ചെയ്‌തു കഴിഞ്ഞു. ഇനി ഓരോ രാജ്യങ്ങളിലും ബിഗ്ബിയെ പോലുള്ള വ്യക്‌തികളെ ക്ളബ്ഹൗസ് മുഖമാക്കുന്നതിലൂടെ പടർന്നുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ആധുനിക ശബ്‌ദആപ്പ്.

Most Read: ‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE