‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച

By Nidhin Sathi, Official Reporter
  • Follow author on
Clubhouse-
Representational Image
Ajwa Travels

ചുരുങ്ങിയസമയം കൊണ്ട് നമ്മളിൽ പലരുടെയും പ്രിയ മീറ്റിംഗ് റൂമായ ക്ളബ്ഹൗസ് 20 മില്യൺ എന്ന മാസ്‌മരിക സംഖ്യയിലേക്ക് കുതിക്കുന്നു. പരീക്ഷണ വേർഷൻ ഇറങ്ങിയത് പോലും 2020 മാർച്ചിലാണ്‌! അതും ഐ ഫോണുകളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. 2021 മെയ് മാസത്തിലാണ് നമ്മുടെ ആൻഡ്രോയിഡ് ഫോണുകളിൽ ക്ളബ്ഹൗസ് എത്തിയത്. അതെ, ഒന്നര വർഷം പോലും പ്രായമാകാത്ത ക്ളബ്ഹൗസ് ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് 20 മില്യണിലേക്ക് എത്തുന്നത്.

ഫെബ്രുവരി 2021 10 മില്യൺ ഡൗൺലോഡ് മാത്രമായിരുന്നു നേട്ടം. എന്നാൽ, ഫെബ്രുവരി മുതലുള്ള വളർച്ച അതിവേഗതയിലാണ്. അതിനൊരു കാരണം ലോകത്ത്, വിശേഷിച്ചും ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള ആൻഡ്രോയിഡിൽ ക്ളബ്ഹൗസ് ലഭ്യമാക്കിയതാണ്. ഉപയോഗിക്കുന്നവരുടെ റേറ്റിങ്ങും ഞെട്ടിക്കുന്നതാണ്.

ആൻഡ്രോയിഡിൽ അരലക്ഷത്തിലധികം ഉപയോക്‌താക്കൾ രേഖപ്പെടുത്തിയ വിലിയിരുത്തുകളിൽ നിന്ന് 54.4 എന്ന അൽഭുതപ്പെടുത്തുന്ന സ്‌കോർ ഒന്നരവർഷം തികയാത്ത ഈ ന്യൂബോൺ ബേബിസ്വന്തമാക്കിയിരിക്കുന്നു! ഐഫോൺ ആപ്പിൽ റേറ്റിങ് 4.7 നേടിയിട്ടുണ്ട് ഈ കുഞ്ഞു വാവ.

വാട്‌സാപ്പ് ഇത്രയും വർഷംകൊണ്ട് ആൻഡ്രോയിഡിൽ 3.9 റേറ്റിങ്ങും ഐഫോൺ ആപ്പിൽ 4.6ഉം റേറ്റിങ് മാത്രമാണ് നേടിയതെന്ന് മനസിലാക്കുമ്പോൾ നമുക്കറിയാൻ കഴിയും എത്രവലിയ വിപ്ളവമാണ് ക്ളബ്ഹൗസ് തീർക്കാൻ പോകുന്നതെന്ന്.

നിലവിലുള്ള മറ്റു സാമൂഹിക-വ്യക്‌തിഗത അപ്പുകൾക്ക് കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം ആശങ്ക സൃഷ്‌ടിക്കുകയും ഇത്തരം ആപ്പുകളുടെ അപകടങ്ങളിൽ ഉപയോക്‌താക്കൾ ജാഗരൂകരാകുകയും ചെയ്‌തുവരുന്ന ഒരു സവിശേഷ ഘട്ടത്തിലാണ് ക്ളബ്ഹൗസ് എത്തിയത്. ജനങ്ങളുടെ കൃത്യമായ പൾസറിഞ്ഞ കടന്നുവരവായിരുന്നു ക്ളബ്ഹൗസ് ആപ്പിന്റേത്. ഇതിൽ, ഫോട്ടോകളോ വീഡിയോകളോ ചോർന്നു പോകുമെന്ന ഭയം വേണ്ട. കാരണം ഇവക്കൊന്നും ഈ ആപ്പിൽ സ്‌ഥാനമില്ലല്ലോ.

ക്ളബ്ഹൗസ് എന്താണെന്ന് ഇനിയും അറിയാത്തവരുടെ വായനക്ക്

സാധാരണഗതിയിൽ പ്രവർത്തിക്കുന്ന ആപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ലൈവ് പോഡ്‌കാസ്‌റ്റിങ് (ശബ്‌ദ സന്ദേശം) കൂടുതൽ കൃത്യമായും, വ്യക്‌തതയോടെയും ചെയ്യുന്നു എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. നിങ്ങൾക്ക് ഒരു സെമിനാർ ഹാളിലോ, ബിസിനസ് മീറ്റിംഗിലോ, ഓൺലൈൻ ക്‌ളാസിലോ ലഭിക്കുന്ന സേവനങ്ങൾ എല്ലാം തന്നെ ഇവിടെയും ലഭ്യമാണ്. എന്നാൽ വീഡിയോ സപ്പോർട്ടോടുകൂടി അല്ലെന്ന് മാത്രം.

Must Read: ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ

ശബ്‌ദ സന്ദേശങ്ങൾ മാത്രമാണ് ക്ളബ്ഹൗസിലൂടെ നിങ്ങൾക്ക് കൈമാറാൻ കഴിയുക. അതായത് രണ്ട് പ്രൊഫൈലുകള്‍ തമ്മില്‍ വീഡിയോ, ഇമേജ് ഇവയൊന്നും കൈമാറാന്‍ കഴിയില്ല. എങ്കിലും ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, പാട്ടുകേൾക്കാനും, ആശയം പ്രകടിപ്പിക്കാനും ഇതിലൂടെ കഴിയും. അതിനാൽ തന്നെ ചർച്ചകൾ സംഘടിപ്പിക്കാനും, സംവാദങ്ങൾക്ക് വേദിയാക്കാനും ക്ളബ്ഹൗസിനെ ഉപയോഗപ്പെടുത്തുന്നവർ ഏറെയാണ്.

റൂം‘ എന്ന ആശയത്തിലാണ് ചര്‍ച്ചയുടെ വേദി രൂപീകരിക്കുന്നത്. ആര്‍ക്കും റൂം സംഘടിപ്പിക്കാം. 5000 അംഗങ്ങളെവരെ ഒരു റൂമിൽ ഉൾക്കൊള്ളിക്കാൻ കഴിയും. റൂം സംഘടിപ്പിക്കുന്നയാളായിരിക്കും അതിന്റെ മോഡറേറ്റര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാനും പുതിയ ആളുകളെ കൂട്ടിച്ചേർക്കാനും, ഒഴിവാക്കാനും അധികാരമുണ്ട്.

clubhouse
ക്ളബ്ഹൗസ് റൂം മാതൃക

ആപ്പിലേക്ക് പ്രവേശിക്കാൻ എന്താണ് ചെയ്യേണ്ടത്?

ആപ്പിള്‍ ഐഫോണ്‍ ഉപയോക്‌താക്കള്‍ക്ക് ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും, ആന്‍ഡ്രോയ്‌ഡ്‌ ഉപയോക്‌താക്കള്‍ക് പ്ളേസ്‌റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എന്നാൽ ആപ്പ് ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് നിലവിൽ ഇത് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരാളുടെ ക്ഷണം ആവശ്യമാണ്. അത് ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് ആപ്പിന്റെ പ്രവർത്തനം തുടങ്ങാൻ സാധിക്കൂ.

ഫോണ്‍ നമ്പര്‍ അടിസ്‌ഥാനമാക്കിയാണ് ഈ ആപ്പില്‍ രജിസ്‌റ്റർ ചെയ്യുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ ചേരുമ്പോള്‍ നിങ്ങളുടെ കോണ്ടാക്‌ട് ഉള്ള, ആപ്പ് ഉപയോഗിക്കുന്ന സുഹൃത്തിന് നോട്ടിഫിക്കേഷൻ ലഭിക്കും. അയാൾ ക്ഷണിക്കുകയാണെങ്കിൽ നിങ്ങൾക്കും ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.

കേരളത്തിലെ മുൻനിര മാദ്ധ്യമ പ്രവർത്തകർ, രാഷ്‌ട്രീയ നേതാക്കൾ, സാമൂഹിക നിരീക്ഷകർ, കലാകാരൻമാർ എന്നിവർക്കൊക്കെ സംവദിക്കാനുള്ള ഇടംകൂടിയായി ക്ളബ്ഹൗസ് മാറിക്കഴിഞ്ഞു. സാധാരണക്കാർക്കും ഏതൊരു ചർച്ചയും ഇവിടെ സംഘടിപ്പിക്കാം. നമ്മുടെ നാട്ടിൻപുറത്തെ കൂട്ടുകൂടലിനെയും സൊറപറച്ചിലിനെയും ഇനി ക്ളബ്ഹൗസ്ലേക്ക് മാറ്റാം. ആരാധന കേന്ദ്രങ്ങളുടെ യോഗങ്ങളും ക്ളബുകളുടെ യോഗങ്ങളും രാഷ്‌ട്രീയ സംഘടനകളുടെ യോഗങ്ങളുമൊക്കെ അംഗങ്ങളെ ചേർത്തുകൊണ്ട് ഇങ്ങോട്ടു മാറ്റാം. അതെ, ഇനിനമുക്ക് പുതുതലമുറ ക്ളബ്ഹൗസിയൻ ആയി മാറാം.

More Tech News: ഗൂഗിൾ ഫോട്ടോസ് ഇനി ഫ്രീയല്ല; ക്‌ളൗഡ്‌ സ്‌റ്റോറേജ് പരിധി 15 ജിബിയായി പരിമിതപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE