ന്യൂഡെല്‍ഹി: കടല്‍ക്കൊല കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും. നഷ്‌ടപരിഹാരം വിതരണം ചെയ്യാൻ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി.
ഇറ്റലി നഷ്‌ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ കണ്ടാലേ കേസിലെ നടപടികള്‍ അവസാനിപ്പിക്കാൻ സാധിക്കൂ എന്ന് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു. തുക കെട്ടിവെച്ചതിന്റെ രേഖകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയതിനെ തുടർന്നാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം. ഇറ്റലി കൈമാറിയ നഷ്‌ടപരിഹാര തുക കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്. മരിച്ച രണ്ട് മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമക്ക് രണ്ട് കോടി രൂപയുമാണ് നഷ്‌ടപരിഹാരം ലഭിക്കുക.
2012 ഫെബ്രുവരി 15നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടായത്. നീണ്ടകര മൂതാക്കരയിലെ ജെലസ്‌റ്റിന്‍ വാലന്റൈൻ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി രാജേഷ് പിങ്കി (22) എന്നീ രണ്ട് മൽസ്യ തൊഴിലാളികളാണ് അന്ന് കൊല്ലപ്പെട്ടത്. എൻറിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയൻ നാവികസേന ഉദ്യോഗസ്‌ഥരുടെ വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
Read also: ഐഷ സുൽത്താനക്ക് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം







































