ന്യൂഡെൽഹി: കടൽക്കൊല കേസിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ മൽസ്യ തൊഴിലാളികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു. സമയപരിമിതി കാരണം അടുത്ത വെള്ളിയാഴ്‌ചയിലേക്കാണ് ഹരജി പരിഗണിക്കാൻ മാറ്റിയത്. ഇന്ന് പരിഗണിക്കാനിരുന്ന ഹരജി സമയ പരിമിതിയെ തുടർന്ന് ജസ്‌റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചാണ് മാറ്റിവച്ചത്.
അപകടത്തെ തുടർന്ന് പരിക്കേറ്റതിനാൽ നഷ്‌ടപരിഹാരത്തിന് തങ്ങൾക്കും അർഹതയുണ്ടെന്നും, നഷ്‌ടപരിഹാര വിതരണം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരിക്കേറ്റ മൽസ്യ തൊഴിലാളികൾ സുപ്രീം കോടതിയെ സമീപിച്ചത്. സെന്റ് ആന്റണീസ് ബോട്ടുടയ്‌ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്നും തങ്ങൾക്കും നഷ്‌ടപരിഹാരം ലഭിക്കണമെന്നാണ് മൽസ്യ തൊഴിലാളികൾ ആവശ്യം ഉന്നയിക്കുന്നത്.
കേസിൽ ഇറ്റലി 10 കോടി രൂപ നഷ്‌ടപരിഹാരം കെട്ടിവച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂൺ 15ആം തീയതി കേസിന്റെ നടപടികൾ അവസാനിച്ചിരുന്നു. തുടർന്ന് ഈ തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് തങ്ങൾക്കും നഷ്‌ടപരിഹാരത്തിന് അർഹത ഉണ്ടെന്ന് വ്യക്‌തമാക്കി പരിക്കേറ്റ മൽസ്യ തൊഴിലാളികൾ കഴിഞ്ഞ ജൂലൈ 30ആം തീയതി സുപ്രീം കോടതിയെ സമീപിച്ചത്.
Read also : ‘സത്യ സായി ട്രസ്‌റ്റ് നിർമിച്ച വീടുകൾ എൻഡോസൾഫാൻ ഇരകൾക്ക് കൈമാറാൻ അടിയന്തര നടപടി വേണം’