ന്യൂഡെൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് സെന്റ് ആന്റണീസ് ബോട്ടുടമക്ക് നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ജസ്‌റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചാണ് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്. കൂടാതെ ഹരജികൾ രണ്ടാഴ്‌ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി.
കടൽക്കൊല കേസിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അപകടത്തിൽ പരിക്കേറ്റ 7 മൽസ്യ തൊഴിലാളികൾ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയത്. അപകടത്തെ തുടർന്ന് പരിക്കേറ്റതിനാൽ നഷ്‌ടപരിഹാരത്തിന് തങ്ങൾക്കും അർഹതയുണ്ടെന്നും, ബോട്ടുടമക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത് സ്‌റ്റേ ചെയ്യണമെന്നുമാണ് മൽസ്യ തൊഴിലാളികൾ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
കേസിൽ 2 കോടി രൂപയാണ് നഷ്‌ടപരിഹാരമായി ബോട്ടുടമക്ക് വിതരണം ചെയ്യുന്നത്. ഇതിൽ തങ്ങൾക്കും അവകാശമുണ്ടെന്നാണ് മൽസ്യ തൊഴിലാളികൾ വ്യക്‌തമാക്കുന്നത്. കൂടാതെ ഹരജികളിൽ നിലപാട് അറിയിക്കാൻ കേരള സർക്കാരിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ മൽസ്യ തൊഴിലാളികൾക്ക് കേരള ഹൈക്കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്‌തമാക്കി. ജസ്‌റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് കേന്ദ്രസർക്കാർ നിർദ്ദേശത്തോട് അനുകൂലമായാണ് പ്രതികരിച്ചത്.
Read also: ഡ്രൈവ് ത്രൂ വാക്‌സിനേഷൻ; കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി