ന്യൂഡെൽഹി: കാഞ്ഞങ്ങാട് പിഎൻ പണിക്കർ സൗഹൃദ ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചു. പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിച്ചതിനാണ് പിഴ. ഇത്തരം നടപടികൾ ഇനി ആവർത്തിക്കരുതെന്ന് കോളേജിന് കോടതി മുന്നറിയിപ്പ് നൽകി.
2018 -19 അധ്യയന വർഷം പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ ആറ് വിദ്യാർഥികളെയാണ് കോളേജിൽ പ്രവേശിച്ചിപ്പിച്ചത്. പ്രവേശനം ഓൺലൈൻ നടപടികളിലൂടെ ആയിരിക്കണമെന്ന മേൽനോട്ട സമിതിയുടെ നിർദ്ദേശമാണ് കോളേജ് ലംഘിച്ചത്. ഹൈക്കോടതി ഈ വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയെങ്കിലും കോളേജ് അധികൃതർ വിദ്യാർഥികളെ തുടർന്നും പഠിക്കാൻ അനുവദിച്ചിരുന്നതായി സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചു.
എന്നാൽ തങ്ങളുടെ പ്രവേശനത്തിൽ ക്രമവിരുദ്ധമായൊന്നും നടന്നിട്ടില്ലെന്ന് വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ ശ്യാം ദിവാനും, സുൽഫിക്കർ അലിയും വാദിച്ചു. ഒഴിവുള്ള ഒൻപത് സീറ്റുകളിൽ ആറ് അപേക്ഷകർ മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങൾക്ക് പ്രവേശനം ലഭിച്ചത് കൊണ്ട് ആരുടെയും അവസരം നഷ്‌ടപ്പെട്ടില്ല എന്നും വിദ്യാർഥികൾ കോടതിയിൽ ചൂണ്ടിക്കാട്ടി.
പ്രവേശനം നേടിയ വിദ്യാർഥികൾക്ക് തുടർന്നും പഠിക്കാൻ ജസ്‌റ്റിസുമാരായ എൽ നാഗേശ്വർ റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുമതി നൽകി. സംസ്‌ഥാന സർക്കാരിന് വേണ്ടി സ്‌റ്റാന്റിംഗ് കൗൺസിൽ ജി പ്രകാശ്, കോളേജിന് വേണ്ടി സയ്യദ് മർസൂഖ് ബാഫക്കി തങ്ങൾ എന്നിവരാണ് ഹാജരായത്.
National News: ബിജെപി എംഎൽഎമാരുടെ പ്രതിഷേധം; നയപ്രഖ്യാപനത്തിനിടെ ഗവർണർ ഇറങ്ങിപ്പോയി







































