തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന വാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. നേരത്തെ ഹൈക്കോടതി ആവശ്യം തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ നിയമസഭയില്‍ നടത്തിയ അതിക്രമം ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്ന് പറഞ്ഞ കോടതി എംഎല്‍എമാര്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു.
സഭയില്‍ അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും എംഎല്‍എമാരുടെ കൈവശം തോക്കുണ്ടായിരുന്നു എങ്കിൽ വെടിയുതിർക്കുമോ എന്നും കോടതി ചോദിച്ചിരുന്നു.
കോടതിയിലും വാദപ്രതിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന്റെ പേരില്‍ വസ്തുക്കള്‍ നശിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുമോയെന്നും കോടതി ആരാഞ്ഞിരുന്നു. അതേസമയം, ഭരണപക്ഷവും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇതിന് മറുപടി നല്‍കിയത്. ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷ വനിതാ അംഗങ്ങളെ സഭക്കുള്ളിൽ അപമാനിച്ചതാണ് കയ്യാങ്കളിയിലേക്ക് വഴി മാറിയതെന്നും സർക്കാർ അഭിഭാഷകൻ വിശദീകരണം നൽകി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാര്‍കോഴയില്‍ ആരോപണം നേരിട്ട കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് സഭയില്‍ പ്രതിഷേധിച്ചത്. പിന്നീട് പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുകയും യുഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുക്കുകയും ആയിരുന്നു.
Most Read: കെപിസിസി അംഗം പാളയം പ്രദീപിന് വധഭീഷണി








































