ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ആഴ്‌ചകള്‍ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് ബിഎസ് യെദിയൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ് ബാസവരാജ് പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. നാളെ വൈകിട്ട് മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെ സത്യപ്രതിജ്‌ഞ ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
യെദിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ ബാസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ആളാണ്. ഇദ്ദേഹത്തിന്റെ പിതാവ് എസ്ആര്‍ ബൊമ്മൈയും കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.
2008ലാണ് ടാറ്റാ ഗ്രൂപ്പിലെ എഞ്ചിനീയറായിരുന്ന ബാസവരാജ് ബിജെപിയിലെത്തുന്നത്. ഷിഗോണ്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായും രണ്ട് തവണ എംഎല്‍സിയായും തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് രാജിവെക്കുന്നത്. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് യെദിയൂരപ്പ വ്യക്‌തമാക്കിയിരുന്നു. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Most Read: ‘ഇത് അവസാന അവസരമാണ്’; കങ്കണയ്‌ക്ക് അന്ത്യശാസനം നൽകി കോടതി