കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന് എപി അബ്ദുൾ വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവ്. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ നല്കിയ ഹരജിയിലാണ് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുള്ളയുടെ ഇടക്കാല വിധി. ഓഗസ്റ്റ് പത്തിന് ഹരജി കോടതി വീണ്ടും പരിഗണിക്കും. അതുവരെ കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്.
ഓഗസ്റ്റ് മൂന്നിന് വഹാബ് പക്ഷം യോഗം ചേരുമെന്ന സൂചനകള്‍ക്കിടയിലാണ് പുതിയ നീക്കം. യോഗം സംബന്ധിച്ച മാദ്ധ്യമ വാർത്തകൾ ഹരജിക്കാർ കോടതിയില്‍ ഹാജരാക്കി. എതിർകക്ഷികളായ ഐഎൻഎൽ മുന്‍ പ്രസിഡണ്ട് എപി അബ്ദുൾ വഹാബ്, നാസര്‍ കോയ തങ്ങള്‍ എന്നിവരുടെ അഭാവത്തിലായിരുന്നു കോടതി വിധി. എതിര്‍കക്ഷികള്‍ ഹാജരാകുന്നത് വരെ കാത്തിരുന്നാല്‍ ഹര്‍ജിയുടെ ഉദ്യേശം അപ്രസക്തമാകുമെന്ന് നിരീക്ഷിച്ച കോടതി പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വ്യക്തമാക്കി. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എതിര്‍കക്ഷിക്കാർക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.
ഐഎന്‍എല്ലില്‍ അബ്ദുൾ വഹാബ് പക്ഷവും കാസിം ഇരിക്കൂര്‍ പക്ഷവും വീണ്ടും ഒന്നിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സംഭവം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന വഹാബ് വിഭാഗം കഴിഞ്ഞദിവസം മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു പിളർപ്പ് അവസാനിക്കുന്നെന്ന് അഭ്യൂഹമുയർന്നത്.
Also Read: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ; സ്വാധീനിക്കാൻ ശ്രമം; ആഞ്ഞടിച്ച് കസ്റ്റംസ് ഓഫിസർ