കോഴിക്കോട്: ഐഎൻഎൽ അഡ്‌ഹോക് കമ്മിറ്റിയുടെ അടിയന്തര യോഗം കോഴിക്കോട് ചേരുന്നു. പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടിട്ടും മുൻ സംസ്‌ഥാന അധ്യക്ഷൻ എപി അബ്‌ദുൾ വഹാബ് കൗൺസിൽ വിളിച്ച് ചേർക്കാൻ തീരുമാനിച്ച പശ്‌ചാത്തലത്തിലാണ് യോഗം ചേരുന്നത്.
വഹാബ് വിഭാഗത്തിന്റെ നീക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായ അഡ്‌ഹോക് കമ്മിറ്റി തീരുമാനിക്കും. കമ്മിറ്റിയിൽ ഭൂരിപക്ഷം മറ്റ് വിഭാഗത്തിനായതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എപി അബ്‌ദുൾ വഹാബ് അറിയിച്ചു. ഭൂരിപക്ഷം കൗൺസിൽ അംഗങ്ങളുടെ പിന്തുണ തനിക്കാണെന്നും അതിനാൽ ഔദ്യോഗിക ഐഎൻഎല്ലുമായി മുന്നോട്ട് പോകുമെന്നുമാണ് എപി അബ്‌ദുൾ വഹാബിന്റെ നിലപാട്.
പത്ത് ദിവസത്തിനകം സംസ്‌ഥാന കൗൺസിൽ യോഗം വിളിച്ചുചേർക്കാനാണ് എപി അബ്‌ദുൾ വഹാബിന്റെ തീരുമാനം. മറുവിഭാഗത്തേയും കൗൺസിൽ യോഗത്തിലേക്ക് വിളിക്കും. 120 അംഗ സംസ്‌ഥാന കൗൺസിലിൽ 75 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് എപി അബ്‌ദുൾ വഹാബിന്റെ അവകാശവാദം. പിളർപ്പ് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
പാര്‍ട്ടിയിലെ ഭിന്നതക്ക് പ്രധാന കാരണം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറാണെന്ന് എപി അബ്‌ദുൾ വഹാബ് വിഭാഗം ആരോപിച്ചു. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരെ അബ്‌ദുൾ വഹാബും സംഘവും കണ്ടു. നേരത്തെ ഐഎന്‍എല്ലില്‍ ഭിന്നത രൂക്ഷമായപ്പോള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ മധ്യസ്‌ഥതയിലാണ് പ്രശ്‌നം പരിഹരിച്ചത്.
കഴിഞ്ഞ ദിവസമാണ് പാർട്ടി സംസ്‌ഥാന കൗൺസിൽ പിരിച്ചുവിട്ടത്. തെരുവില്‍ ഏറ്റുമുട്ടി നാണക്കേട് സൃഷ്‌ടിക്കുകയും പിന്നീട് മധ്യസ്‌ഥരുടെ സാന്നിധ്യത്തില്‍ രമ്യതയിലെത്തുകയും ചെയ്‌തിട്ടും പാര്‍ട്ടിയിലെ ചേരിപ്പോര് അതേ പടി തുടരുന്ന പശ്‌ചാത്തലത്തിലാണ് ഐഎന്‍എലിന്റെ സംസ്‌ഥാനതല സമിതികള്‍ പിരിച്ചുവിടാനുളള ദേശീയ നിര്‍വാഹക സമിതി തീരുമാനം.
ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന നിര്‍വാഹക സമിതി യോഗമാണ് സംസ്‌ഥാന സെക്രട്ടറിയേറ്റ്, സംസ്‌ഥാന പ്രവര്‍ത്തക സമിതി, സംസ്‌ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിട്ടത്. പകരം അഹമ്മദ് ദേവര്‍ കോവിലിന്റെ നേതൃത്വത്തില്‍ ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നല്‍കുകയായിരുന്നു.
Also Read: പീഡന പരാതി; ശ്രീകാന്ത് വെട്ടിയാർ പോലീസിൽ കീഴടങ്ങി