സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടൽ; സ്വാധീനിക്കാൻ ശ്രമം; ആഞ്ഞടിച്ച് കസ്‌റ്റംസ്‌ ഓഫിസർ

By News Desk, Malabar News
Consulate Gold Smuggling Case kerala
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമമുണ്ടായെന്ന് കസ്‌റ്റംസ്‌ ഓഫിസറുടെ വെളിപ്പെടുത്തൽ. സ്‌ഥലം മാറി പോകുന്ന ഓഫിസർ സുമിത് കുമാർ ആണ് രംഗത്തെത്തിയിരിക്കുന്നത്. കേസിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി. അന്വേഷണത്തിൽ കേരള പോലീസ് സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഏത് ഭാഗത്ത് നിന്നാണ് ഇടപെടൽ ഉണ്ടായതെന്ന കാര്യത്തിൽ സുമിത് കുമാർ വ്യക്‌തത വരുത്തിയിട്ടില്ല. ‘ഭരിക്കുന്ന പാർട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. അത് എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ്. നിയമത്തിന്റെ വഴിക്കാണ് പോകുന്നത്’ എന്നായിരുന്നു സുമിത് കുമാറിന്റെ പ്രതികരണം.

കേരള പോലീസ് അന്വേഷണത്തിൽ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്‌തവമാണ്. ഭരിക്കുന്ന പാർട്ടികൾ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാൻ നോക്കി. രാഷ്‌ട്രീയ ഇടപെടലുകൾ മുൻപും ഉണ്ടായിട്ടുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. കോടതിയുടെ പിന്തുണയുണ്ടായി. പല പ്രധാന കേസുകളുടെയും ഭാഗമാകാൻ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാര്‍ പറഞ്ഞു.

അതേസമയം, കസ്‌റ്റംസിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സംസ്‌ഥാനത്തിനെതിരെ കേന്ദ്രം കസ്‌റ്റംസിനെ ഉപയോഗിക്കുന്നു എന്ന വാദം അസംബന്ധമാണ്. ജുഡീഷ്യൽ അന്വേഷണം വിഡ്ഢിത്തമാണ്. സർക്കാരിനെതിരെ താനൊരു കമ്മീഷനെവെച്ചാൽ എങ്ങനെയിരിക്കും? സർക്കാർ ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ വെക്കുന്നത് രാജ്യത്ത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ചെയ്യേണ്ടതെല്ലാം ചെയ്‌തു. തന്റെ റിപ്പോർട്ടിങ് ഓഫിസർ മുഖ്യമന്ത്രിയാണ്. താൻ മാത്രമാണ് സ്‌ഥലം മാറി പോകുന്നത്. തന്റെ ഉദ്യോഗസ്‌ഥർ ഇവിടെ തന്നെയുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തിൽ മന്ത്രാലയം ചർച്ച നടത്തുകയാണ്. ഡോളർ കടത്ത് കേസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മുന്‍പും സുമിത് കുമാര്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ അത് വിലപ്പോവില്ലെന്നായിരുന്നു തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ സുമിത് കുമാര്‍ പറഞ്ഞത്. മഹാരാഷ്‌ട്ര ഭീവണ്ടിയിലെ ജിഎസ്‌ടി കമ്മീഷണറായാണ് സുമിത് കുമാറിന്റെ പുതിയ നിയമനം. രാജേന്ദ്ര കുമാര്‍ പുതിയ കസ്‌റ്റംസ്‌ കമ്മീഷണറാകും.

Also Read: മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE