മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം

By News Desk, Malabar News
Ajwa Travels

കൊച്ചി: കോതമംഗലത്ത് മാനസ എന്ന 24കാരിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കൊല ചെയ്‌ത ആൾ തന്നെ ജീവനൊടുക്കിയതിനാൽ അന്വേഷണത്തിൽ നിർണായകമാകുക ഇരുവരുടെയും ഫോണുകൾ തന്നെയായിരിക്കും. കൊലപാതകത്തിന് മുൻപ് രാഖിൽ മാനസയെ ഫോൺ ചെയ്‌തോ മെസേജ് ചെയ്‌തോ എന്നീ കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. രാഖിലിന് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനും ഫോൺ ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ.

രാഖിലിന്റെ ടവർ ലൊക്കേഷനുകളും പരിശോധിക്കും. ജൂലൈ നാലിന് ശേഷമുള്ള രാഖിലിന്റെ യാത്രകൾ എവിടെയെല്ലാം എന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും. ഇയാൾക്ക് തോക്ക് എങ്ങനെ കിട്ടി എന്ന കാര്യത്തിലും ഫോൺ വഴികാട്ടും എന്നാണ് പോലീസ് കരുതുന്നത്. രാഖിലുമായി ഫോണിൽ ബന്ധപ്പെട്ടവരിൽ അസ്വാഭാവികത തോന്നിയവരുടെ മൊഴി പോലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

ദിവസങ്ങളോളം ആസൂത്രണം നടത്തിയാണ് മാനസയുടെ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മാനസ പഠിക്കുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിന് സമീപം രാഖിൽ മുറിയെടുത്ത് താമസിച്ചിരുന്നു. മാനസ പേയിങ് ഗസ്‌റ്റായി താമസിക്കുന്ന വീടും ഇതിനടുത്തായിരുന്നു. വാടകമുറിയിൽ നിന്ന് മാനസ താമസിക്കുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

ജൂലൈ നാലിനാണ് പ്‌ളൈവുഡ് ബിസിനസാണെന്ന് പറഞ്ഞ് രാഖില്‍ നെല്ലിക്കുഴിയിലെത്തിയതും വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചതും. പിന്നീട് കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്‌ച ഒരു ബാഗുമായി വീണ്ടും കോതമംഗലത്തേക്ക് തിരിച്ചെത്തി. ബാഗിൽ തോക്കായിരുന്നു എന്നാണ് നിഗമനം.

രാഖിലിനെ പകൽ സമയത്ത് മുറിയിൽ കാണാറില്ലെന്ന് വീട്ടുടമ ഇക്കരക്കുടി നൂറുദ്ദീൻ പറയുന്നു. ദിവസങ്ങളോളം കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ പാലക്കാട് കച്ചവട ആവശ്യത്തിനായി പോയിരിക്കുകയാണ് എന്നായിരുന്നു വിവരം.

രണ്ട് നിലയുള്ള കെട്ടിടത്തിെന്റ മുകൾ നിലയിലായിരുന്നു മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഗോവണിപ്പടി കയറി ചെല്ലുമ്പോഴുള്ള ആദ്യ മുറിയായിരുന്നു ഇവരുടേത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ രാഖിൽ മാനസയുടെ നേർക്ക് നിറയൊഴിച്ചു. വാരിയെടുത്ത ചോറിന്റെ ബാക്കി മാനസയുടെ കൈയ്യിൽ പറ്റിപ്പിടിച്ച നിലയിലായിരുന്നു.

വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ അകത്ത് നിന്ന് പൂട്ടിയ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് വെടിയേറ്റ് കിടക്കുന്ന മാനസയെയും കട്ടിലിലേക്ക് തല വെച്ച് കിടക്കുന്ന രാഖിലിനെയുമാണ്. തളംകെട്ടി കിടക്കുന്ന രക്‌തത്തിലാണ് കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച തോക്കും കിടന്നിരുന്നത്.

വെടിവെപ്പ് അറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്‌ഥരടക്കം സ്‌ഥലത്തെത്തി പ്രാഥമിക വിവരശേഖരം നടത്തി. വിരലടയാള വിദഗ്‌ധരുമെത്തി. ഇന്‍ക്വസ്‌റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ബാലിസ്‌റ്റിക് ഫോറൻസിക് വിദഗ്‌ധ സംഘമെത്തി തെളിവെടുപ്പ് നടത്തും.

പോലീസ് അന്വേഷണം നീളുന്നത് രാഖിലിന്റെ തോക്കിലേക്കാണ്. കൊലപാതകത്തിലെ ദുരൂഹത മുഴുവൻ ഈ തോക്കിലാണ്. ലൈസൻസുള്ള പിസ്‌റ്റളാണോ അതോ മറ്റേതെങ്കിലും വഴിയിൽ കൈക്കലാക്കിയതാണോ എന്നാണ് പോലീസ് അന്വേഷണം. ബാലിസ്‌റ്റിക് പരിശോധനയിൽ തോക്ക് സംബന്ധിച്ച് വ്യക്‌തത വരും.

കണ്ണൂര്‍, കാസർഗോഡ് മേഖലയില്‍ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഹാറില്‍നിന്ന് മംഗലാപുരം വഴി തോക്ക് എത്തും. ഇറക്കുമതി ചെയ്‌ത പിസ്‌റ്റളുകളും കിട്ടും. അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള സംഘമാണ് തോക്ക് കൈമാറ്റത്തില്‍ പ്രധാനമായും ഇവിടെ പ്രവര്‍ത്തിക്കുന്നത്. വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങള്‍ക്കു മാത്രമാണ് കാസർഗോഡ് സംഘം പിസ്‌റ്റൾ വിൽക്കുന്നത്.

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന് ഇത്തരത്തില്‍ തോക്ക് വരുന്നുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. രാഖിലിന് ഇത്തരത്തിൽ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.

Also Read: ‘അശാസ്‌ത്രീയമായ ലോക്ക്ഡൗൺ പിൻവലിക്കണം’; വ്യാപാരികൾ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE