തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചും നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ടിപിആർ കണക്കിലെടുക്കുന്ന രീതിയിൽ മാറ്റം വരുത്തിയും സംസ്‌ഥാന സർക്കാർ. നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെ ആരോഗ്യമന്ത്രി വീണാ ജോർജാണ് ലോക്ക്ഡൗൺ ഇളവുകൾ നിയമസഭയിൽ പ്രഖ്യാപിച്ചത്.
വലിയ വിസ്‌തീർണമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം. മരണം, വിവാഹം എന്നീ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിരിക്കും കടകളിൽ പ്രവേശനം അനുവദിക്കുക. സ്വാതന്ത്ര്യ ദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല.
ശനിയാഴ്‌ചയിലെ ലോക്ക്ഡൗൺ ഒഴിവാക്കി. അടുത്തയാഴ്‌ച മുതൽ ഞായറാഴ്‌ചകളിൽ മാത്രമാകും ലോക്ക്ഡൗൺ ഉണ്ടാവുക. ഹോട്ടലുകളിൽ തുറസായ സ്‌ഥലങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകും.
കൂടാതെ, ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അടിസ്‌ഥാനമാക്കിയുള്ള നിയന്ത്രങ്ങളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഒരു തദ്ദേശ സ്‌ഥാപനത്തിൽ ആയിരം പേരിൽ പരിശോധന നടത്തുന്നതിൽ ആഴ്‌ചയിൽ 10 പേർ കോവിഡ് രോഗികളായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്‌ചയിൽ ആറു ദിവസം വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാം.
തദ്ദേശ സ്‌ഥാപനങ്ങളിലെ ആകെ കോവിഡ് ടിപിആർ നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.
Most Read: ഒളിമ്പിക്‌സ്; വനിതാ ബോക്‌സിങിൽ ഇന്ത്യയുടെ ലവ്‌ലിനയ്‌ക്ക് വെങ്കലം








































