ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്‌ച സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അയൽവാസിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ (21) ആണ് കേസിലെ പ്രതി. ബലാൽസംഗം, കൊലപാതകം, പോക്‌സോ ഉൾപ്പടെ ആറ് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികളുണ്ട്, 150തിലധികം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ ജൂൺ 30നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പ്രതി അർജുൻ പോലീസിനോട് സമ്മതിച്ചിരുന്നു.
കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു.
Most Read: മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും









































