ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ നാളെ വിധി പറയും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്‌ജു ആണ് വിധി പ്രസ്‌താവം നടത്തുക. കുറ്റപത്രം സമർപ്പിച്ചു രണ്ടു വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്.
2021 ജൂൺ 30ന് ആണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. സംഭവത്തിൽ സമീപവാസിയായ അർജുനാണ് പ്രതി. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, പോസ്‌റ്റുമോർട്ടത്തിൽൽ കുട്ടി പീഡനത്തിന് ഇരയായതായും കൊലപാതകമാണെന്നും സ്‌ഥിരീകരിക്കുക ആയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്‌തതെന്ന് കണ്ടെത്തിയത്.
സംഭവം നടക്കുന്ന ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു. മൂന്ന് വയസുമുതൽ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചു വരികയായിരുന്നു. മാതാപിതാക്കൾ പണിക്ക് പോകുന്ന സമയം മുതലെടുത്താണ് പ്രതി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വണ്ടിപ്പെരിയാർ സിഐ ആയിരുന്ന ടിഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്‌റ്റംബർ 21ന് ആണ് കുറ്റപത്രം സമർപ്പിച്ചത്. 300 പേജുള്ള കുറ്റപത്രത്തിൽ 250ഓളം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങിയത്.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി