ന്യൂഡെൽഹി: അന്തർ സംസ്‌ഥാന യാത്രകൾക്ക് സംസ്‌ഥാനങ്ങൾ ഏകീകൃത പ്രോട്ടോക്കോൾ പാലിക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് അന്തർ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള ആളുകൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
ഇക്കാര്യം വ്യക്‌തമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് അന്തർ സംസ്‌ഥാന യാത്രകൾക്ക് അനുമതി നൽകണമെന്ന ആവശ്യം കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്‌ഡി നേരത്തെ തന്നെ ലോക്‌സഭയിൽ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംസ്‌ഥാനങ്ങൾക്ക് കത്തയച്ചിരിക്കുന്നത്.
രാജ്യത്ത് നിലവിൽ ഓരോ സംസ്‌ഥാനങ്ങളും അന്തർ സംസ്‌ഥാന യാത്രകൾക്ക് പ്രത്യേക മാർഗ നിർദേശമാണ് സ്വീകരിക്കുന്നത്. സിക്കിം, മഹാരാഷ്‌ട്ര എന്നീ രണ്ട് സംസ്‌ഥാനങ്ങൾ മാത്രമാണ് നിലവിൽ 2 ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്ക് അന്തർ സംസ്‌ഥാന യാത്രകൾക്ക് അനുമതി നൽകുന്നത്. മറ്റുള്ള സംസ്‌ഥാനങ്ങൾ ആർടിപിസിആർ ഫലം ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് രാജ്യത്തെ ടൂറിസം മേഖലയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഇപ്പോൾ ടൂറിസം മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.
Read also: ഇഒഎസ്-03 വിക്ഷേപണ പരാജയം; സാങ്കേതിക തകരാറെന്ന് ഐഎസ്ആര്‍ഒ







































