ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസില്‍ ജയിലില്‍ കഴിയവെ കണ്ണില്‍ അണുബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളിയും ഡെല്‍ഹി സര്‍വകലാശാല അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ ബുധനാഴ്ച ജയിലിലേക്ക് മാറ്റും. ഹാനി ബാബുവിന്റെ രോഗം മാറിയെന്ന് അദ്ദേഹം ചികിൽസയിൽ കഴിഞ്ഞിരുന്ന ബ്രീച്ച് കാന്‍ഡി ആശുപത്രി അധികൃതര്‍ മഹാരാഷ്ട്ര ഹൈക്കോടതിയില്‍ റിപ്പോര്‍ട് നല്കി. രോഗം ഭേദമായതായി ഹാനി ബാബുവിന്റെ അഭിഭാഷകരും കോടതിയെ അറിയിച്ചു.
അതേസമയം ഹാനിബാനുവിന് തുടര്‍ ചികിൽസ ആവശ്യമായി വന്നാല്‍ ജെജെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകണമെന്നും അവിടെ ഇല്ലാത്ത ചികിൽസ ആവശ്യമായി വന്നാല്‍ വീണ്ടും സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാന്റിയിലേക്ക് മാറ്റണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി. സ്വകാര്യ ആശുപത്രിയിലെ ചികിൽസാ ചിലവ് ഹാനി ബാബു തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. ജയിലിൽ കഴിയുന്ന ഒരു വ്യക്തിക്ക് ചികിൽസ ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെയാണ് ഹാനി ബാബുവിന് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണില്‍ അണുബാധ ഏറ്റതിനാല്‍ നേരത്തെ തന്നെ ഹാനി ബാബു ചികിൽസയിലായിരുന്നു. കോവിഡ് ബാധിതനായ ഹാനി ബാബുവിന് ബ്ളാക്ക് ഫംഗസ് രോഗവും പിടിപെട്ടിരുന്നു.
Read also: ‘ഏഴര വര്‍ഷം നടന്നത് മാനസിക പീഡനം’; കോടതിയോട് നന്ദി പറഞ്ഞ് തരൂർ







































