തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്‌ച യോഗം ചേരാനാണ് സാധ്യത.
ഓണക്കാല ഇളവുകൾക്ക് പിന്നാലെ സംസ്‌ഥാനത്തെ കോവിഡ് കേസുകളും കുത്തനെ ഉയരുമോയെന്ന എന്ന ആശങ്ക ആരോഗ്യ പ്രവർത്തകർ പങ്കുവെക്കുന്നതിനിടെ ആണ് അവലോകന യോഗം മാറ്റിവെച്ചിരിക്കുന്നത്. ബുധനാഴ്‌ച യോഗം നടക്കുകയാണെങ്കിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്‌ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നത് ആശ്വാസകരമാണ്. സംസ്‌ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്‌സിനേഷനും കുറയുകയാണ്. എന്നാൽ, ടിപിആർ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങൾ കഴിയും മുൻപേ പുറത്തുവരുന്ന കണക്കുകളും ആശങ്ക ഉയർത്തുന്നതാണ്. ഓണം പ്രമാണിച്ചുണ്ടായ തിരക്കുകൾ കാരണം ഇനിയുള്ള ദിവസങ്ങളിലും കോവിഡ് വ്യാപനമുണ്ടാകാൻ ഇടയുണ്ട്.
Also Read: മൂന്നാം തരംഗം; രാജ്യത്ത് 2 ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണം








































