കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ളായില്‍ ലേഖനം എഴുതിയ അജന്ത ബിശ്വാസിനെ സിപിഐഎം ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസിന്റെ മകളാണ് അജന്ത.
പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നയാളാണ് മമതയെന്നാണ് അജന്ത തന്റെ ലേഖനത്തില്‍ പറയുന്നത്. 2011ല്‍ സിംഗൂറിലെ കര്‍ഷക ഭൂമി കൈയേറാന്‍ ശ്രമിച്ച ടാറ്റാ കാര്‍ പ്ളാന്റിനെതിരെ മമത നടത്തിയ പോരാട്ടങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇടത് ഭരണം അവസാനിച്ചതിന് പിന്നിലെ പ്രധാന ഘടകമായി കണക്കാക്കുന്ന ഈ വിഷയത്തിൽ മമതയെ അനുകൂലിച്ച് പ്രതികരണം രേഖപ്പെടുത്തിയതാണ് അജന്തക്കെതിരെ നടപടി എടുക്കാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയത്തിലെ സ്ത്രീ ശാക്തീകരണമാണ് ലേഖനത്തിന്റെ വിഷയം. നേരത്തെ ബസന്തി ദേവി, സരോജിനി നായിഡു, സുനിതി ദേവി എന്നിവരെ പറ്റിയും ജൂലൈയില്‍ അജന്ത എഴുതിയിരുന്നു. എഡിറ്റോറിയല്‍ പേജിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനത്തിന് പിന്നാലെ സിപിഐഎം ഏരിയ കമ്മിറ്റി അജന്തക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും മറുപടിയില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്നാണ് 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
കൊല്‍ക്കത്ത രബിന്ദ്ര ഭാരതി സര്‍വകലാശാലയിലെ ചരിത്ര അധ്യാപികയാണ് അജന്ത ബിശ്വാസ്. അജന്തയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ തൃണമൂല്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച സിപിഐഎം നേതാക്കളെ പുറത്താക്കാനാണ് പാർട്ടി തയ്യാറാവേണ്ടതെന്ന് കുനാൽ ഘോഷ് പറഞ്ഞു.
Read also: ചൂണ്ടിക്കാട്ടിയത് ചരിത്ര വസ്തുത; മാപ്പ് പറയില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്