തിരുവനന്തപുരം: ഓണക്കാല ഇളവുകൾക്ക് പിന്നാലെ കോവിഡ് വ്യാപനം ഉയരുമോയെന്ന ആശങ്കയിലായിരുന്നു ആരോഗ്യപ്രവർത്തകർ. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇപ്പോൾ വ്യാപന നിരക്ക് ഉയർന്നിരിക്കുന്നത്. സംസ്‌ഥാനത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തേണ്ട പ്രദേശങ്ങൾ ഇന്ന് പുനർനിശ്‌ചയിക്കും.
രോഗവ്യാപനം കൂടിയതോടെ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ജില്ലകളിൽ ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. 100 പേരെ പരിശോധിക്കുമ്പോൾ 18 പേരാണ് പോസിറ്റീവ് ആകുന്നത്. മൂന്ന് മാസത്തിനിടെ ആദ്യമായാണ് സംസ്‌ഥാനത്തെ ടിപിആർ നിരക്ക് 18 കടക്കുന്നത്. പകുതിയിലേറെ ജില്ലകളിൽ സംസ്‌ഥാന ശരാശരിക്കും മുകളിലാണ് ടിപിആർ.
നിലവിൽ 414 പ്രദേശങ്ങളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപന തോത് കുതിച്ചുയരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ നിയന്ത്രണത്തിലാകും. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകൾ വാക്‌സിനേഷനിൽ ബഹുദൂരം മുന്നിലാണ്. ഈ ജില്ലകളിൽ രോഗലക്ഷണം ഉള്ളവരെ മാത്രമാകും പരിശോധിക്കുക. ബാക്കി ജില്ലകളിൽ പരിശോധന വ്യാപിപ്പിക്കും.
ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ വാക്‌സിൻ എടുത്തവരിലെ രോഗബാധ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം ആരംഭിക്കാനാണ് തീരുമാനം. അതേസമയം, ഇനിയൊരു ലോക്ക്‌ഡൗൺ വേണ്ടെന്ന നിലപാടിലാണ് സർക്കാർ. കടകളുടെ പ്രവർത്തനം രാത്രി 9 വരെ തുടരും. ശനിയാഴ്‌ച ചേരുന്ന യോഗം സ്‌ഥിതി വീണ്ടും വിലയിരുത്തും.
Also Read: വീട്ടിലിരുന്ന് കോവിഡ് പരിശോധിക്കാം; പുതിയ ഉപകരണം








































