വാഷിംഗ്ടൺ: അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് യുഎസ്. ഡ്രോൺ ആക്രമണത്തിലാണ് ഐഎസ് തലവനെ വധിച്ചത്. നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ആദ്യ സൂചനയനുസരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന് നേതാവ് കൊല്ലപ്പെട്ടെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു. സിവിലിയൻമാര്ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ 13 അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 170 പേര് കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടമായത്. കൂടാതെ കൂടുതൽ പേർക്ക് ഇവിടെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് വിമാനത്താവളത്തിന്റെ പരിസരത്തുള്ള ബാരൺ ഹോട്ടലിന് സമീപം രണ്ടാം സ്ഫോടനം ഉണ്ടായത്.
വിമാനത്താവളത്തിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവിടെ സുരക്ഷയും ശക്തമാക്കിയിരുന്നു. സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും, ആക്രമണം നടത്തിയവർക്ക് മാപ്പില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞിരുന്നു.
Most Read: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്