അബുദാബി : അബുദാബിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒന്‍പത് മുതല്‍ പ്ലസ് 2 ഗ്രേഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലെത്തി പഠനം തുടരാമെന്ന് ഉത്തരവ് വന്നിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്ക് 25000 ദിര്‍ഹം വരെ പിഴയായി ഈടാക്കുമെന്നാണ് വ്യക്തമാകുന്നത്. പൊതുപരീക്ഷയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അബുദാബിയില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഷാര്‍ജയിലും സെപ്റ്റംബര്‍ 27 ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ക്ലാസ് റൂമുകള്‍, സ്‌കൂള്‍ ബസ് തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കുകയും വേണമെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്. ഇവ കൃത്യമായി പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇപ്പോള്‍ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.
Read also : സീസണിലെ കന്നിയങ്കത്തിന് ബാഴ്സലോണ ഇന്നിറങ്ങും; പ്രതീക്ഷയായി മെസി







































