ന്യൂഡെൽഹി: മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയം പര്യാപ്തത നേടിയെന്ന് ഡിആർഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന്) ചെയർമാൻ ജി സതീഷ് റെഡ്ഡി. ഡിആർഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളർച്ചയിൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെയും മറ്റു ശാസ്ത്രജ്ഞരുടെയും പങ്ക് സുപ്രധാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മിസൈൽ നിർമാണ മേഖലയിൽ ഇനി ഒറ്റയ്ക്ക് മുന്നേറാൻ ഇന്ത്യക്ക് സാധിക്കും. മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് ഇപ്പോൾ രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാല സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (ഐജിഎംഡിപി) ഭാഗമായി പൃഥ്വി, ആകാശ്, ത്രിശൂൽ, നാഗ് എന്നീ മിസൈലുകൾ നാം വികസിപ്പിച്ചിട്ടുണ്ട്. രാജ്യം കൈവരിച്ച സാങ്കേതിക നേട്ടത്തിന്റെ ഉദാഹരണമായിരുന്നു അഗ്നി മിസൈൽ. ഇതോടെ ശത്രുമിസൈലിനെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള ഏതാനും രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു; സതീഷ് റെഡ്ഡി പറഞ്ഞു.
പ്രതിരോധ മേഖലയിൽ ഡ്രോൺ അധിഷ്ഠിത ആയുധങ്ങൾക്ക് പുതിയ കാലത്ത് സുപ്രധാന പങ്കാണുള്ളതെന്നും സതീഷ് റെഡ്ഡി ചൂണ്ടിക്കാട്ടി. ഈ മേഖലയിലും ഇന്ത്യ കാര്യമായ ഗവേഷണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ യുവാക്കളായ ഗവേഷകർ നിരവധി നൂതന സങ്കേതങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദർശിച്ച് സുരേഷ് ഗോപി








































