വിഎം കുട്ടിക്ക് മലബാർ ന്യൂസിന്റെ ആദരാഞ്‌ജലി

By Nidhin Sathi, Official Reporter
  • Follow author on
vm-kutty-mappila-patt
Ajwa Travels

മലപ്പുറം: മാപ്പിളപാട്ടിന്റെ സുൽത്താൻ വിഎം കുട്ടി വിടവാങ്ങിയതോടെ അവസാനിക്കുന്നത് മലബാറിലെ പാരമ്പര്യ മാപ്പിളപാട്ട് ശാഖയുടെ ഒരു യുഗമാണ്. ഒരു കാലത്ത് മലബാറിലെ കല്യാണ വീടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മഹത്തായ ഈ കലാസൃഷ്‌ടിയെ പൊതുജന മധ്യത്തിലേക്ക്, വിശാലമായ വേദികളിലേക്ക് എത്തിക്കാൻ അക്ഷീണം പ്രയത്‌നിച്ച വ്യക്‌തിയായിരുന്നു വിഎം കുട്ടി.

1935ൽ ഉണ്ണീൻ മുസ്‌ല്യാരുടേയും, ഇത്താച്ചുക്കുട്ടിയുടേയും മകനായി മലപ്പുറം കൊണ്ടോട്ടിക്ക് സമീപമുള്ള പുളിക്കലിലാണ് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വിഎം കുട്ടിയുടെ ജനനം. ചെറു പ്രായത്തിൽ തന്നെ ചിത്രരചനയും, അഭിനയവും, ഗാനാലാപനവും അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട മേഖലകളായിരുന്നു. മെട്രിക്കുലേഷനും ടിടിസിയും പാസായതിന്‌ ശേഷം 1957ൽ കൊളത്തൂരിലെ എഎംഎൽപി സ്‌കൂളിൽ പ്രധാനധ്യാപകനായി അദ്ദേഹം ചേർന്നു.

1954ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപാട്ട് അവതരിപ്പിച്ചു കൊണ്ടാണ്‌ അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് മാപ്പിളപാട്ട് ഗായകനെന്ന നിലയിൽ അതിവേഗം അദ്ദേഹം പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വിഎം കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും, ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിച്ചു. ഗാനരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം 1985ൽ അധ്യാപക വൃത്തിയിൽ നിന്ന് സ്വയം വിരമിച്ചത്.

ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖകളിലും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. മൈലാഞ്ചി, പതിനാലാം രാവ്, ഉൽപത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം പ്രവർത്തിച്ചു.

vm-kutty-harmoniamകേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്‌റ്റഡീസ് പുരസ്‌കാരം, സിഎച്ച് കള്‍ച്ചറല്‍ സെന്‍ട്രല്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്റര്‍ ഒരുമ അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹം നേടിയിരുന്നു.

മാപ്പിള പാട്ടിനെ ജീവിത സപര്യയായി കണ്ട ചുരുക്കം ചില കലാകാരിൽ ഒരാളായിരുന്നു വിഎം കുട്ടി. കഴിഞ്ഞ ആറ് പതിറ്റാണ്ടോളം മലബാറുകാർക്ക് ചിരപരിതമായ തന്റെ ശബ്‌ദത്തിലൂടെ ആയിരക്കണക്കിന് ഗാനങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. ആ മഹാപ്രതിഭയ്‌ക്ക്, മാപ്പിളപാട്ടിന്റെ സുൽത്താന് മലബാർ ന്യൂസിന്റെ ആദരാഞ്‌ജലികൾ.

Read Also: ഉത്ര വധക്കേസ്: കോടതിവിധിയെ ബഹുമാനിക്കുന്നു; തൃപ്‌തനെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE