ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്‌ഠീരവ സ്‌റ്റുഡിയോസിലാണ് സംസ്‌കാരം നടക്കുക. പുനീതിന്റെ പിതാവ് കന്നഡ സിനിമാതാരം രാജ്‌കുമാറും അമ്മ പാർവ്വതമ്മയും ഇവിടെ തന്നെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ന് രാവിലെ 6 മണിയോടെ വിലാപയാത്ര ആരംഭിച്ച ശേഷം 11 മണിക്കകം സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്‌തമാക്കി.
ഇന്നലെ വൈകുന്നേരത്തോടെ സംസ്‌കാരം പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും യുഎസിലുള്ള മൂത്ത മകൾ എത്താൻ വൈകിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. കൂടാതെ അന്ത്യാജ്‌ഞലി അർപ്പിക്കാൻ എത്തിയ ആളുകളുടെ നിര നീണ്ടതും ചടങ്ങ് ഇന്നത്തേക്ക് മാറ്റാൻ കാരണമായി. ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണ് അന്ത്യാജ്‌ഞലി അർപ്പിക്കുന്നതിനായി ബെംഗളൂരു കണ്‌ഠീരവ സ്‌റ്റേഡിയത്തിൽ എത്തിയത്.
സംസ്‌ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഇന്നലെ അനൗദ്യോഗികമായി അവധി നൽകി. കൂടാതെ പ്രിയതാരത്തിന്റെ വേർപാട് താങ്ങാനാകാതെ 2 ആരാധകർ കുഴഞ്ഞു വീണ് മരിക്കുകയും, 2 പേർ ജീവനൊടുക്കുകയും ചെയ്‌തു. അതേസമയം പുനീതിന്റെ പെട്ടെന്നുള്ള മരണത്തെ അദ്ദേഹത്തിന്റെ ജീവിതശൈലിയുമായി ബന്ധിപ്പിക്കേണ്ടെന്ന് കുടുംബ ഡോക്‌ടർ വ്യക്‌തമാക്കി. അദ്ദേഹത്തിന് രക്‌ത സമ്മർദ്ദവും, ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു എന്നും, പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡോക്‌ടർ അറിയിച്ചു.
Read also: യുഎൻ കാലാവസ്‌ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം








































