ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത് 11,466 കോവിഡ് കേസുകൾ. 460 മരണങ്ങളും റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ 1,39,683 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 264 ദിവസങ്ങളിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്. ആകെ കോവിഡ് കേസുകളുടെ 1 ശതമാനത്തിൽ താഴെമാത്രമാണിത്. ഇതുവരെ 61.85 കോടി കോവിഡ് ടെസ്‌റ്റുകളാണ് രാജ്യത്ത് നടത്തിയത്.
രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.25 ശതമാനമാണ്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,409 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 68,692 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 6,319 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 47 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 109.63 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്.
Most Read: തൃക്കാക്കര ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലൻസ് ചോദ്യംചെയ്യും







































