ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്തത് 10,229 കോവിഡ് കേസുകൾ. 11,926 പേർ രോഗമുക്തി നേടിയപ്പോൾ 125 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ 3,44,47,536 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,38,49,785 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. 98.26% ആണ് നിലവിലെ രോഗമുക്തി നിരക്ക്. അതേസമയം കോവിഡ് മൂലം ജീവൻ നഷ്ടമായത് 4,63,655 പേർക്കാണ്.
നിലവിൽ 1,34,096 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 523 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ആകെ രോഗബാധയുടെ 1%ൽ താഴെ മാത്രമാണ് സജീവ കേസുകൾ.
പുതിയ കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 5,848 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 63,463 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 7,228 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 46 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,12,34,30,478 വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്.
Most Read: ലഖിംപൂർ ഖേരി; സുപ്രീം കോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും







































