കോഴിക്കോട്: അറുപതോളം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ സുഹൃത്തിന്റെ വിവാഹവീട്ടിൽ നിന്ന് പോലീസ് സാഹസികമായി പിടികൂടി. ക്വട്ടേഷൻ സംഘത്തലവനും കഞ്ചാവ് കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ പെരിങ്ങൊളം മണ്ണംപറമ്പത്ത് ടിങ്കു എന്ന ഷിജുവിനെയാണ് (30) പോലീസ് സാഹസികമായി പിടികൂടിയത്. അതേസമയം, ഷിജുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വിവാഹവീട്ടിലെ അമ്പതോളം പേർ ചേർന്ന് പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തി.
ആക്രമണത്തിൽ ആറ് പോലീസുകാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂട്ടുപ്രതിയും സുഹൃത്തുമായ അപ്പൂസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഷിജു എരിമലയിൽ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ അസി. കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് മഫ്‌തിയിൽ വിവാഹ വീടിന്റെ പരിസരത്ത് കാത്തുനിന്നിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് പുറത്തേക്കോടിയ ഷിജുവിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പിന്നാലെ എത്തിയ ഷിജുവിന്റെ സഹോദരനും സുഹൃത്തുക്കളും അടക്കം അമ്പതോളം പേർ എത്തി പോലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സ്‌റ്റേഷനിൽ എത്തിച്ച പ്രതി ലോക്കപ്പിന്റെ ഗ്രിൽ തല കൊണ്ട് ഇടിച്ച് തകർക്കാൻ ശ്രമിച്ചു. തുടർന്ന് ലോക്കപ്പിൽ നിന്ന് ഇറക്കിയപ്പോൾ റോഡിലേക്ക് ഇറങ്ങി ഓടി. ഓടുന്നതിനിടെ പുറത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് തകർത്തു. പിന്നീട് കാറിന്റെ മുകളിൽ കയറിയ ഷിജുവിനെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടി സ്‌റ്റേഷനിൽ എത്തിച്ചത്.
Most Read: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി








































