കോഴിക്കോട്: ചേവായൂർ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതിയായ കള്ളൻതോട് ഏരിമല പടിഞ്ഞാറേ തൊടികയിൽ ജിതേഷ് എന്ന അപ്പുക്കുട്ടൻ (26) ആണ് പിടിയിലായത്. ചേവായൂർ പോലീസ് സബ് ഇൻസ്‌പെക്‌ടർ ഷാൻ എസ്എസ്സിന്റെ നേതൃത്വത്തിൽ ചേവായൂർ പോലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേർ അറസ്‌റ്റിലായിട്ടുണ്ട്.
2021 ജൂൺ മാസം ഒന്നാം തീയതി ചേവായൂർ പ്രസന്റേഷൻ സ്‌കൂളിന് പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടിൽ ഉണ്ടായിരുന്ന സ്‌ത്രീയുടെ കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. ഒമ്പത് പവനോളം സ്വർണമാണ് പ്രതികൾ വീട്ടിൽ നിന്ന് കവർച്ച നടത്തിയത്. തുടർന്ന് സ്‌ത്രീയുടെ പരാതിയിൽ കേസ് അന്വേഷണം നടത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതി ടിങ്കു ഷിജുവിനെ കഴിഞ്ഞ മാസം മെഡിക്കൽ കോളേജ് അസി. കമ്മീഷണർ എസ് സുദർശന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
ഈ സമയം ടിങ്കുവിനോടൊപ്പമുണ്ടായിരുന്ന സഹോദരങ്ങളും ഇവരുടെ സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് പൊലീസുകാരെ മർദ്ദിച്ച് അപായപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു. ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. പോലീസിനെ ആക്രമിച്ചതിന് മാവൂർ പോലീസാണ് കേസെടുത്തത്. മുഖ്യപ്രതിയായ ടിങ്കു നിരവധി കഞ്ചാവ്, സ്വർണ കവർച്ച, പെട്രോൾ പമ്പിൽ നിന്ന് പണം തട്ടിയെടുക്കാൻ തുടങ്ങി അറുപതോളം കേസുകളിലെ പ്രതിയും മുമ്പ് ചാപ്പ ചുമത്തിയ പ്രതിയുമാണ്.
Most Read: മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല, നിലപാട് ആവർത്തിച്ച് ഗവർണർ







































